രാവണനു ശേഷം വിരമിക്കാന്‍ മണിരത്നം ആഗ്രഹിച്ചു!

WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (15:26 IST)
PRO
മണിരത്നം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നാണ്. ഇന്ത്യയിലെ എല്ലാ അഭിനേതാക്കളുടെയും മോഹമാണ് മണിരത്നം ചിത്രത്തില്‍ ഒരു വേഷം. അദ്ദേഹത്തിന്‍റെ ഹിന്ദി - തമിഴ് പ്രൊജക്ടായ ‘രാവണന്‍’ വെള്ളിയാഴ്ച റിലീസാകുകയാണ്. രാവണനു ശേഷം സിനിമയില്‍ നിന്ന് വിരമിക്കാനായിരുന്നു താന്‍ പദ്ധതിയിട്ടിരുന്നതെന്ന് മണിരത്നം മാധ്യമങ്ങളോടു വെളിപ്പെടുത്തി.

“രാവണന്‍ ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് ഈ സിനിമയ്ക്ക് ശേഷം വിരമിക്കാമെന്നാണ് ഞാന്‍ ചിന്തിച്ചത്. ഇതിനു ശേഷം കൊടൈക്കനാലില്‍ ജീവിതം സെറ്റില്‍ ചെയ്യാനാണ് ആഗ്രഹിച്ചത്. അവിടെ എന്നും ഗോള്‍ഫ് കളിക്കാനും ഞാന്‍ മോഹിച്ചു” - മണിരത്നം പറയുന്നു.

എന്നാല്‍, സിനിമയെന്ന മായികലോകം എല്ലാവരെയും അതിനോടു ചേര്‍ത്തു നിര്‍ത്തുകയല്ലാതെ ആരെയും വിട്ടുപോകാന്‍ അനുവദിക്കില്ലല്ലോ. അതുപോലെ തന്നെയാണ് മണിരത്നത്തിന്‍റെ കാര്യവും.

“ഇപ്പോള്‍ രാവണന്‍ തീര്‍ന്നതിന് ശേഷം, അടുത്ത ചിത്രത്തിന്‍റെ ജോലികള്‍ ഉടന്‍ തുടങ്ങാനാണ് ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സിനിമ എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി കൃത്യമായ ഐഡിയ എന്‍റെ കൈയില്‍ ഇല്ല. പക്ഷേ, ഞാന്‍ ഉടന്‍ അതിന്‍റെ ജോലി ആരംഭിക്കും. എങ്ങനെ ഉണ്ടാകുമെന്ന് അപ്പോള്‍ കാണാം” - മണിരത്നം പറയുന്നു.

“രാവണന്‍ എന്ന സിനിമയുടെ വിജയപരാജയങ്ങളെപ്പറ്റി ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് ആ സിനിമയെപ്പറ്റി അമിതമായ ആവേശമോ പ്രതീക്ഷകളോ ഇല്ല. എന്നാല്‍ കഴിയുന്ന വിധം ഒരു സിനിമ നന്നാക്കുക എന്നതു മാത്രമേ എനിക്ക് ചെയ്യാന്‍ കഴിയൂ” - മണി വ്യക്തമാക്കി.

മൌനരാഗം, നായകന്‍, അഗ്നി നക്ഷത്രം, ഗീതാഞ്ജലി, അഞ്ജലി, ദളപതി, റോജാ, ബോംബെ, ഇരുവര്‍, ദില്‍‌സേ, അലൈ പായുതേ, കന്നത്തില്‍ മുത്തമിട്ടാല്‍, യുവ, ഗുരു തുടങ്ങിയവയാണ് മണിരത്നം ഇന്ത്യന്‍ സിനിമാലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രങ്ങള്‍.

ചിത്രത്തിന് കടപ്പാട് - രാവണ്‍ - ദി ഫിലിം ഡോട്ട് കോം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :