കുറ്റസമ്മതം നടത്തിയാല്‍ സ്വീകരിക്കാമെന്ന് ജഹാന്‍; ഷമിയ്ക്ക് തുണയാകുമോ?

പ്രശ്നങ്ങള്‍ വഷളാക്കാനില്ലെന്ന് ഷമി

അപര്‍ണ| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (10:23 IST)
ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് വാര്‍ത്തയായിരുന്നു. വധശ്രത്തിന് കേസെടുത്തതോടെ കാണാതായ ഷമി പിന്നീട് പൊന്തിയത് ടൈംസ് നൌ ചാനലില്‍. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ തെറ്റുകളും പ്രശ്നങ്ങളും ഒക്കെ പരിഹരിച്ച് ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് ഷമി പറയുന്നു.

ഷമി തെറ്റുസമ്മതിച്ചു മടങ്ങിയെത്തിയാൽ സ്വീകരിക്കുമെന്നു ഹസിൻ ജഹാന്‍ വ്യക്തമാക്കിയിരുന്നു. വീട്ടിനുള്ളിലെ പ്രശ്നം ബന്ധുക്കളുമായി ഒത്തുചേര്‍ന്ന് സംസാരിച്ചാല്‍ തീരാവുന്നതേ ഉള്ളുവെന്ന് ഷമി പറയുന്നു.

പരസ്ത്രീബന്ധം, വധശ്രമം തുടങ്ങി നിരവധി ആരോപണങ്ങളുന്നയിച്ചാണു ഹസിൻ ജഹാൻ കൊൽക്കത്തയിലെ ജാദവ്പുർ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയത്. ഷമി മറ്റു സ്ത്രീകളുമായി സോഷ്യൽ മീഡിയയിലൂടെ നടത്തിയ എസ്എംഎസുകളുടെ സ്ക്രീൻ ഷോട്ടും ഹസിൻ ജഹാൻ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഹാസിന്റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഷമിക്കെതിരെ കേസെടുത്തിരുന്നു. താരം വെള്ളിയാഴ്ച്ച ന്യൂഡൽഹിയിൽനിന്നു വിമാനമാർഗം ഗാസിയാബാദിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഷമിയെക്കുറിച്ച് യാതൊരു വിവരവും ഇല്ല. താരത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാൻ വീണ്ടും രംഗത്ത് വന്നിരുന്നു.

ഷമി, സഹോദരൻ ഹസീബിന്റെ മുറിയിലേക്കു തന്നെ തള്ളിവിട്ടെന്നും ഹസീബ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കഴിഞ്ഞ ദിവസം ഹാസിൻ വെളിപ്പെടുത്തിയിരുന്നു. ഹാസിൽ ജഹാന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ സമ്മർദ്ദത്തിലായ ഷമി ഒളിവിൽ പോയി എന്നാണ് കരുതുന്നത്. താരത്തിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് പുതിയ ശബ്ദ രേഖകളും ജഹാൻ പുറത്തു വിട്ടു. ഇത് തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെ ജഹാൻ തന്നെ പുറത്തുവിട്ടിരുന്നു.

ഭാര്യ ഹാസിന്‍ ജഹാൻ താരത്തിനെതിരെ വധ ശ്രമത്തിനും ഗാർഹിക പീഠനത്തിനും പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും, മറ്റ് സ്ത്രീകളുമായി ഷമി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നുമായിരുന്നു ഹാസിന്‍ ജഹാന്‍ യാദവ്പൂര്‍ പൊലീസ് സ്റ്റേഷനിൽ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാൽ, തന്റെ കരിയർ നശിപ്പിക്കാനുള്ള മനപ്പൂർവമായ ശ്രമത്തിന്റെ ഭാഗം മാത്രമാണ് പരാതി എന്നായിരുന്നു ഷമിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :