ഷമിയുടെ ക്രിക്കറ്റ് ജീവിതത്തിന് വിലങ്ങ് വീഴുന്നു?!

ഷമിക്കെതിരെ ശക്തമായ നടപടികളുമായി ബിസിസിഐ

സുമീഷ്| Last Modified ശനി, 10 മാര്‍ച്ച് 2018 (11:11 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹാസിന്‍ ജഹാൻ താരത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും, മറ്റ് സ്ത്രീകളുമായി ഷാമി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നും ഹാസിന്‍ ജഹാന്‍ യാദവ്പൂര്‍ പൊലീസ് സ്റ്റേഷനിൽ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. താരത്തിന്റെ പരസ്ത്രീ ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ ജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും
ചെയ്തിരുന്നു.

മുഹമ്മദ് ഷമിക്കെതിരെ ഹാസിന്‍ ജഹാന്‍ നല്‍കിയ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊല്‍ക്കത്ത ജോയിന്റ് കമ്മീഷ്ണര്‍ പ്രവീണ്‍ ത്രിപാതി വ്യക്തമാക്കി. ഭാര്യയുടെ ആരോപണങ്ങൾ പുറത്തുവന്നതിനു ശേഷം ബിസിസിഐ ഈ വര്‍ഷത്തെ താരങ്ങളുടെ വേതന വ്യവസ്ഥ കരാറില്‍ നിന്നും ഷമിയെ ഒഴിവാക്കിയിരുന്നു. നിരപരാധിത്വം തെളിയിച്ചാൽ മാത്രമേ ഇനി ഷമിക്ക് ടീമിൽ പ്രവേശിക്കാനാവു.

എന്നാൽ, തന്റെ കരിയർ നശിപ്പിക്കാനുള്ള മനപ്പൂർവമായ ശ്രമത്തിന്റെ ഭാഗം മാത്രമാണ് പരാതി എന്നും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഷമി സാമൂഹ്യമാധ്യങ്ങളിലൂടെ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :