വിഭീഷണരാജ്യാഭിഷേകം
ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും “രക്ഷോവരനാം വിഭീഷണനായ് മയാ ദത്തമായൊരു ലങ്കാരാജ്യമുള്‍പ്പുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ.” എന്നതു കേട്ടു കപിവരന്മാരോടും ചെന്നു ശേഷിച്ച നിശാചരന്മാരുമായ് അര്‍ണ്ണവതോയാദിതീര്‍ത്ഥജലങ്ങളാല്‍ സ്വര്‍ണ്ണ കലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു വാദ്യഘോഷത്തോടു താപസന്മാരുമാ യാര്‍ത്തുവിളിച്ചിതഭിഷേകവും ചെയ്തിതു; ഭൂമിയും ചന്ദ്രദിവാകരാദിയും രാമകഥയുമുള്ളന്നു വിഭീഷണന്‍ ലങ്കേശനായ് വാഴ്കെന്നു കിരീടാദ്യ ലങ്കാരവുംചെയ്തു ദാനപുരസ്കൃതം പൂജ്യനായൊരു വിഭീഷണനായ്‌ക്കൊണ്ടു രാജ്യനിവാസികള്‍ കാഴ്ചയും വെച്ചിതു വാച്ച കുതൂഹലം പൂണ്ടു വിഭീഷണന്‍ കാഴ്ചയുമെല്ലാമെടുപ്പിച്ചുകൊണ്ടവ ന്നാസ്ഥയാ രാഘവന്‍തൃകകല്‍ക്കല്‍ വെച്ചഭി- വാദ്യവും ചെയ്തു വിഭീഷണനാദരാല്‍. നക്തഞ്ചരേന്ദ്രപ്രസാദത്തിനായ് രാമ- ഭദ്രനെല്ലാം പരിഗ്രഹിച്ചീടിനാന്‍. ഇപ്പോള്‍ കൃതകൃത്യനായേനഹമെന്നു ചില്‍പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍. അഗ്രേ വിനീതനായ് വന്ദിച്ചു നില്‌ക്കുന്ന സുഗ്രീവനെപ്പുനരാലിംഗനംചെയ്തു സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍ “ചിന്തിച്ചിതെല്ലാം ലഭിച്ചിതു നമുക്കെടോ! ത്വത്സഹായത്വേന രാവണന്‍തന്നെ ഞാ- നുത്സാഹമോടു വധിച്ഛതു നിശ്ചയം ലങ്കേശ്വരനായ് വിഭീഷണന്‍തന്നെയും ശങ്കാവിഹീനമഭിഷേകവും ചെയ്തു.”
|