തേരില്‍നിന്നാശു മറിഞ്ഞുവീണീടിനാന്‍ പാരില്‍ മരാമരം വീണപോലെ തദാ. കല്‌പ്പകവൃക്ഷപ്പുതുമലര്‍ തൂവിനാ& രുല്‌പന്നമോദേന വാനവരേവരും അര്‍ക്കകുലോദ്ഭവന്‍ മൂര്‍ദ്ധനി മേല്‌ക്കുമേല്‍, ശുക്രനും നേത്രങ്ങളൊക്കെത്തെളിഞ്ഞിതു പുഷ്കരസംഭവനും തെളിഞ്ഞീടിനാ നര്‍ക്കനും നേരെയുദിച്ചനതുനേരം മന്ദമായ് വീശിത്തുടങ്ങി പവനനും നന്നായ് വിളങ്ങി ചതുര്‍ദ്ദശലോകവും താപസന്മാരും ജയജയശബ്ദേന താപമകന്നു പുകഴ്ന്നുതുടങ്ങിനാര്‍. ശേഷിച്ച രാക്ഷസരോടിയകം പുക്കു കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ. അര്‍ക്കജന്‍ മാരുതി നീലാംഗദാദിയാം മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍.
അഗ്രജന്‍ വീണതു കണ്ടതു വിഭീഷണന്‍ വ്യഗ്രഹിച്ചരികത്തു ചെന്നിരുന്നാകുലാല്‍ ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ- “നൊക്കെ വിധിബലമല്ലോ വരുന്നതും ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ മാനം നടിച്ചെന്നെയും വെടിഞ്ഞീടിന വീരാ! മാഹാശയനോചിതനായ നീ പാരിലീവണ്ണം കിടക്കുമാറായിതു കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും? ഏവം കരയും വിഭീഷണന്‍ തന്നോടു ദേവദേവേശനുമരുള്‍ചെയ്തിതാദരാല്‍ “എന്നോടഭിമുഖനായ് നിന്നു പോര്‍ ചെയ്തു നന്നായ് വരിച്ചു മഹാശൂരനാമിവന്‍ തന്നെക്കുറിച്ചു കരയരുതേതുമേ നന്നല്ലതു പരലോകത്തിനു സഖേ! വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്ല പോരില്‍ മരിക്കുന്നതെന്നറിയേണമേ പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിക്കു പാരം സുകൃതികള്‍ക്കെന്നി യോഗം വരാ ദോഷങ്ങളെല്ലാമൊടുങ്ങി നീ വന്നിനി ശ്ശേഷക്രിയയ്ക്കു നടക്കുക വൈകാതെ” ഇത്ഥമരുള്‍ചെയ്തു നിന്നരുളുന്നേരം തത്ര മണ്ഡോദരി കേണു വന്നീടിനാള്‍ ലങ്കാധിപന്മാറില്‍ വീണു കരഞ്ഞുമാ മാതങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍ ഓരോതരം പറഞ്ഞു പിന്നെ മറ്റുള്ള നാരീജനങ്ങളും കേണുതുടങ്ങിനാര്‍. പംക്തിരഥാത്മജനപ്പോളരുള്‍ചെയ്തു പംക്തിമുഖാനുജന്‍തന്നോടു സാദരം “രാവണന്‍തന്നുടല്‍ സംസ്കരിച്ചീടുക പാവകനെ ജ്വലിപ്പിച്ചിനിസ്സത്വരം.”
|