പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - ഏഴാം ദിവസം

നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ
നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ.
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
മത്ഭക്തന്മാരോടുളള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
ഏകാദശ്യാദി വ്രതാനുഷ്ഠാനങ്ങളും പുന-
രാകുലമെന്നിയേ സാധിച്ചുകൊള്‍കയുമഥ 710
പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ
മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ്കയും മുദാ
മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊളളുകയും
സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.
ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.
ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍
സദ്യഃ സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും. 720
മുക്തിമാര്‍ഗ്ഗം താവക പ്രശ്‌നാനുസാരവശാ-
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
ഭക്തന്മാര്‍ക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
ഭക്തനെന്നാകിലവന്‍ ചോദിച്ചീലെന്നാകിലും
വക്തവ്യമവനോടു വിശ്വാസം വരികയാല്‍.
ഭക്തിവിശ്വാസശ്രദ്ധായുക്തനാം മര്‍ത്ത്യനിതു
നിത്യമായ്പാഠം ചെയ്കിലജ്ഞാനമകന്നുപോം.
ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാര്‍ക്കു നൂനം
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും." 730

ശൂര്‍പ്പണഖാഗമനം

ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍. 740
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താള്‍ഃ
"ആരെടോ ഭവാന്‍? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും, 750
എന്തൊരു സാദ്ധ്യം ജടാവല്‍ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞീടാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-
ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാര്‍ത്ഥം ചൊല്ലണം ദയാനിധേ!" 760
"സുന്ദരി! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി-
നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ."
എന്നതു കേട്ടനേരം ചൊല്ലിനാള്‍ നിശാചരി ഃ
"എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ." 770
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുള്‍ചെയ്‌തീടിനാന്‍ഃ
"ഞാനിഹ തപോധനവേഷവുംധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
ലക്ഷ്‌മണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍
ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 780
നിങ്ങളില്‍ ചേരുമേറെ നിര്‍ണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ."
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌-
ചെന്നവളപേക്ഷിച്ചാള്‍, ഭര്‍ത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
"നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീടാം.
മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ
ധന്യേ! നീ ദാസിയാവാന്‍തക്കവളല്ലയല്ലോ. 790
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമന്‍-
തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമന്‍
നിന്നെ"യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേര്‍ന്നു ഭുജിക്കായ്‌വരുമനാരതം." 800
ഇത്തരമവളുരചെയ്‌തതു കേട്ടനേര-
മുത്തരമരുള്‍ചെയ്‌തു രാഘവന്‍തിരുവടി ഃ
"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോള്‍.
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!" 810
1| 2| 3| 4| 5| 6| 7| 8| 9| 10
കൂടുതല്‍
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം
ശ്രീരാമ കഥ- രാമായണ കഥ
രാമായണ പാരായണം - രണ്ടാം ദിവസം
രാമായണ പാരായണം - ഒന്നാം ദിവസം