രാഘവവാക്യം കേട്ടു രാവണസഹോദരി വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാല്‍ ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു- "മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ. നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും." പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്- ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം. കാമവുമാശാഭംഗംകൊണ്ടു കോപവുമതി- പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോള്‍ 820 മായാരൂപവും വേര്‍പെട്ടഞ്ജനശൈലംപോലെ കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍ സംഭ്രമത്തോടു രാമന്‍ തടുത്തുനിര്‍ത്തുംനേരം ബാലകന്‍ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം ഛേദിച്ചനേരമവളലറി മുറയിട്ട- നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു. നീലപര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി നാലഞ്ചുവഴി വരുമരുവിയാറുപോലെ 830 ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ ഘോരയാം നിശാചാരി വേഗത്തില്‍ നടകൊണ്ടാള്‍. രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍.
രാക്ഷസപ്രവരനായീടിന ഖരന്‍മുമ്പില്‍ പക്ഷമറ്റവനിയില്‍ പര്‍വതം വീണപോലെ രോദനംചെയ്‌തു മുമ്പില്‍ പതനംചെയ്‌തു നിജ സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരന്‍ഃ "മൃത്യുതന്‍ വക്ത്രത്തിങ്കല്‍ സത്വരം പ്രവേശിപ്പി- ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ." 840 വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ- മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്ലിനാളവളപ്പോള്‍ഃ "മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു- ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍. രാമലക്ഷ്‌മണന്മാരെന്നവര്‍ക്കു നാമമൊരു കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍. അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍ ഖഡ്‌ഗേന ഛേദിച്ചതു മല്‍കുചാദികളെല്ലാം. ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോള്‍. 850
പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി- ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും." എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താന്‍ഃ "ദുര്‍ന്നയമേറെയുളള മാനുഷാധമന്മാരെ കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ- മെന്നതിനാശു പതിന്നാലുപേര്‍ പോക നിങ്ങള്‍. നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ- രാകൂതം വരുത്തീടും നിനക്കു മടിയാതെ." എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ- മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 860 ശൂലമുല്‍ഗരമുസലാസിചാപേഷുഭിണ്ഡി- പാലാദി പലവിധമായുധങ്ങളുമായി ക്രൂദ്ധന്മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ് ചെന്നു യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം. ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു ശസ്ര്തൗഘം പ്രയോഗിച്ചാര്‍ ചുറ്റുംനിന്നൊരിക്കലെ. മിത്രഗോത്രാല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍ ശത്രുക്കളയച്ചോരു ശസ്ര്തൗഘം വരുന്നേരം പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടന്‍ പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍. 870 ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി- ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍. "എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ- ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ." "അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ- ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍." എന്നു ശൂര്‍പ്പണഖയും ചൊല്ലിനാ,ളതുകേട്ടു വന്ന കോപത്താല്‍ ഖരന്‍ ചൊല്ലിനാനതുനേരംഃ "പോരിക നിശാചരര്‍ പതിന്നാലായിരവും പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും. 880 ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു. വീരനാം ദൂഷണനും ഖരനും നടകൊണ്ടു ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ. രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം കേള്‍ക്കായനേരം രാമന്‍ ലക്ഷ്‌മണനോടു ചൊന്നാന്‍ഃ "ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു? നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം. ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോള്‍ ധീരതയോടുമത്ര നീയൊരു കാര്യംവേണം. 890 മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു ഭീതികൂടാതെ പരിപാലിക്കവേണം ഭവാന്‍. ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊല്‍വാന്‍ മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ. മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു കറ്റവാര്‍കുഴലിയെ രക്ഷിച്ചുകൊളേളണം നീ." ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു ലക്ഷ്‌മണന്‍ തൊഴുതു പോയ് ഗഹ്വരമകംപുക്കാന്‍.
ഖരവധം
ചാപബാണങ്ങളേയുമെടുത്തു പരികര- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 900 നില്‍ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര- രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാര്‍. വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്കരനേത്രന്‍മെയ്‌മേല്‍. തല്‍ക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമന്‍ രക്ഷോവീരന്മാരെയും സായകാവലി തൂകി നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ- ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. ഉഗ്രനാം സേനാപതി ദൂഷണനതുനേര- മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910 തൂകിനാന്‍ ബാണഗണ,മവേറ്റ് രഘുവരന്‍ വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി. നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും കാലവേശ്‌മനി ചേര്‍ത്തു സാരഥിയോടുംകൂടെ. ചാപവും മുറിച്ചു തല്‍കേതുവും കളഞ്ഞപ്പോള്‍ കോപേന തേരില്‍നിന്നു ഭൂമിയില്‍ ചാടിവീണാന്‍. പില്‍പാടു ശതഭാരായസനിര്‍മ്മിതമായ കെല്‍പേറും പരിഘവും ധരിച്ചു വന്നാനവന്‍. തല്‍ബാഹുതന്നെച്ഛേദിച്ചീടിനാന്‍ ദാശരഥി തല്‍പരിഘത്താല്‍ പ്രഹരിച്ചിതു സീതാപതി. 920 മസ്തകം പിളര്‍ന്നവനുര്‍വിയില്‍ വീണു സമ- വര്‍ത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും. ദൂഷണന്‍ വീണനേരം വീരനാം ത്രിശിരസ്സും രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താന്‍. മൂന്നും ഖണ്ഡിച്ചു രാമന്‍ മൂന്നുബാണങ്ങളെയ്‌താന്‍ മൂന്നുമെയ്‌തുടന്‍ മുറിച്ചീടിനാന്‍ ത്രിശിരസ്സും നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താന്‍. അവയും മുറിച്ചവനയുതം ബാണമെയ്‌താ- നവനീപതിവീരനവയും നുറുക്കിനാന്‍. 930
|