അശ്വതി
2008 ലെ വിഷുഫലം അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവേ ഭാഗ്യദേവതയുടെ കടാക്ഷം ലഭിക്കും എന്ന സൂചനയാണ് നല്‍കുന്നത്. ഏറെക്കാലമായുള്ള പല ആഗ്രഹങ്ങള്‍ക്കും നിവൃത്തിയുണ്ടാകും. സന്താനസൌഭാഗ്യം, പുതിയ തൊഴില്‍, പ്രത്യേകിച്ച് വിദേശത്ത്, എന്നിവയും ഫലം.
എന്നാല്‍ പഠന വിഷയത്തില്‍ ഈ വര്‍ഷം അത്രത്തോളം മെച്ചമാവില്ല. ബുധന്‍റെ സഹകരണ കുറവാണിതിനു കാരണമായി കാണുന്നത്. ഗൃഹനിര്‍മ്മാണത്തിന് യോജിച്ച സമയം. വിവാഹബന്ധത്തിനും പറ്റിയ സമയം.
പൊതുവേ കുടുംബ സൌഖ്യം, ആരോഗ്യ നില മെച്ചം, സാമ്പത്തിക നില മെച്ചം എന്നിവയും ഇത്തവണത്തെ ഫലങ്ങളാണ്. ദോഷ നിവാരണത്തിനായി വിഷ്ണു പരമേശ്വരന്‍മാരെ ധ്യാനിക്കുന്നത് ഉത്തമം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് 2008 ലെ വിഷുഫലം പൊതുമേ മെച്ചമാണ് സൂചിപ്പിക്കുന്നത്. ബന്ധുഗുണം പലതരത്തിലും ലഭിക്കും. അനാവശ്യകാര്യങ്ങളില്‍ തലയിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ബന്ധുക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശങ്ങള്‍ക്ക് അര്‍ഹമായ മാന്യത നല്‍കി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുക ഉത്തമം. അവിചാരിതമായ ധനലാഭത്തിനും സാധ്യതയുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ചില്ലറ ശാരീരിക വിഷമതകള്‍ ഉണ്ടാവും.
ഏറെക്കാലമായുള്ള വിദേശ യാത്രാ ലക്‍ഷ്യം സാധിക്കും. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ പുരോഗതിയുണ്ടാവും. സകല ഐശ്വര്യങ്ങള്‍ക്കും രാമമന്ത്രം ഉരുവിടുന്നതും ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് 2008 ലെ വിഷുഫലം പൊതുവേ ഗുണദോഷ സമ്മിശ്ര സൂചനയാണ് നല്‍കുന്നത്. പല നേട്ടങ്ങള്‍ക്കും ഇക്കൊല്ലം സാക്‍ഷ്യം വഹിക്കുമെങ്കിലും ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ്.
അടുത്ത ബന്ധുക്കള്‍ക്കും രോഗസാധ്യത തള്ളിക്കളയാവുന്നതല്ല. കടം വാങ്ങാന്‍ കൂടുതല്‍ പ്രേരണ ഉണ്ടാവും. പഠന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ നന്ന്. ജോലി ലഭിക്കാനും സാധ്യത.
ധന സംബന്ധമായ ഏത് ഇടപാടുകള്‍ക്കും തികഞ്ഞ ജാഗ്രത പുലര്‍ത്തുക ഉത്തമം. ആത്മവിശ്വാസം ഒരിക്കലും കളയാതെ സൂക്ഷിക്കുക. ഒന്നിലും വ്യാകുലപ്പെടരുത്. പ്രശ്ന പരിഹാരങ്ങള്‍ക്ക് ധര്‍മ്മശാസ്താവിനെ ധ്യാനിക്കുന്നത് ഉത്തമം.
രോഹിണി
രോഹിണി നക്ഷത്രത്തില്‍ ജനിച്ച നിങ്ങള്‍ക്ക് ഇത്തവണത്തെ വിഷു ഫലം തികച്ചും പ്രയോജനപ്രദമാണ്. മാനസികമായ പിരിമുറുക്കങ്ങള്‍ എല്ലാം അകലും എന്നതാണ് ഏറ്റവും പ്രധാനം. ഈ വര്‍ഷത്തെ ഗ്രഹ നില അനുസരിച്ച് രോഗബാധകള്‍ തീര്‍ത്തും അകലും എന്നാണ് സൂചന.
സാമ്പത്തിക നില മെച്ചപ്പെടും. കായികമായി അധ്വാനിക്കുന്ന വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും ഏറെ പ്രയോജനമുണ്ടാവും. എന്നാല്‍ വിവാഹം സംബന്ധിച്ച് ഏറെ പ്രയോജനം ഉണ്ടായെന്നു വരില്ല.
ഏതു വിഷയത്തിലും സംയമനത്തോടെ കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും മെച്ചം. വിഘ്നേശ്വരന്‍, ഹനുമാന്‍ എന്നിവരെ ധ്യാനിക്കുന്നത് ജീവിത വിജയത്തിന് ഉത്തമം.
മകയിരം
2008 ലെ വിഷുഫലം അനുസരിച്ച് മകയിരം നാളുകാര്‍ പൊതുവേ ഏത് വിഷയത്തിലും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാമ്പത്തികമായും ആരോഗ്യപരമായും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് ഗ്രഹനില നല്‍കുന്ന സൂചനകള്‍.
പ്രണയം, വിവാഹം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ തീര്‍ത്തും വര്‍ജ്ജ്യമാണ്. വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെടാന്‍ ഇടയുണ്ട്. ആദ്യത്തെ ആറ് മാസക്കാലം പൊതുവേ അനുകൂലമാണ്.
വഞ്ചനയെ ഭയന്ന് ജീവിക്കാന്‍ ജാഗ്രത. സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാവും എങ്കിലും സമയത്തിന് പ്രയോജനപ്പെട്ടെന്ന് വരില്ല. പഠനത്തില്‍ ശ്രദ്ധപതിപ്പിക്കുക. വിഷ്ണുവിനെ ഭജിക്കുന്നത് ഉത്തമം.