ജോര്‍ജി സാം|
Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (20:47 IST)
1891ല്‍ ഒരു ഇന്ത്യന്‍ രാജ്ഞി ലണ്ടനിലെ തന്‍റെ പ്രിയതമന് അയച്ച ഒരു വാലന്‍റൈന്‍ കാര്‍ഡിന്‍റെ വില ഏകദേശം 250000 പൌണ്ടായിരുന്നു. വിലയേറിയ രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ച ആ കാര്‍ഡില്‍ തുടങ്ങുന്നു വാലന്‍റൈന്‍ സമ്മാനങ്ങളുടെ ഇന്ത്യന്‍ ചരിത്രവും. പ്രണയത്തിന് കണ്ണില്ലെന്നതു പോലെ പ്രണയത്തിന് വിലയിടാനാവില്ലെന്നാണ് പ്രണയിതാക്കളുടെ മതം.
കാലമേറുന്തോറും പ്രണയത്തിന്‍റെ വിലയും കൂടുകയാണ്. ആയിരങ്ങളും പതിനായിരങ്ങളും പിന്നിട്ട് ലക്ഷങ്ങളിലും കോടികളിലുമെല്ലാം എത്തിനില്‍ക്കുകയാണ് പ്രണയസമ്മാനങ്ങളുടെ വില. ഈ പ്രണയകച്ചവടത്തില്‍ കണ്ണും നട്ട് ലോകത്തിലെ ബ്രാന്‍ഡ് ഭീമന്‍മാരെല്ലാം ഇന്ത്യന്‍ വിപണിയിലുണ്ട്.
പ്രമുഖ ബ്രാന്‍ഡുകള്‍ പ്രണയദിനത്തില്‍ കണ്ണുവച്ചു തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് ആയിട്ടുണ്ടാവും. ആഭരണങ്ങളുടെയും, വാച്ചുകളുടെയും വില്‍പ്പനയില്‍ മാത്രം വന്‍ വര്‍ധനവാണ് വലിയ ബ്രാന്‍ഡുകള്‍ പ്രതീക്ഷിക്കുന്നത്. പതിവു പോലെ സ്വര്‍ണമോതിരത്തിനും ചുവന്ന റോസ് പുഷപത്തിനും തന്നെയാണ് ആവശ്യക്കാരെങ്കിലും എന്തിലും വ്യത്യസ്തത തേടുന്നവര്‍ക്കായി സ്വര്‍ണം പൂശിയ റോസ് പുഷ്പം വരെ ഒരുക്കി കാത്തിരിക്കുകയാണ് വ്യാപാരികള്‍.
നഗരങ്ങളിലാണ് പ്രണയസമ്മാനങ്ങളുടെ പെരുമഴക്കാലം അരങ്ങേറുന്നത്. കാര്‍ഡുകള്‍ മുതല്‍ വിലകൂടിയതും കുറഞ്ഞതുമായ കൊച്ചു കൊച്ചു കൗതുക വസ്തുക്കള്‍ക്കുവരെ... നഗരങ്ങളില്‍ പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍ കഴിഞ്ഞാല്‍ കാര്‍ഡ് വിപണിയിലെ ഏറ്റവും വലിയ കൊയ്ത്താണ് പ്രണയദിനം. കാര്‍ഡുകള്‍ കൈമാറാതെ എന്തു വാലന്‍റൈന്‍സ് !
സമ്മാനങ്ങളില്‍ അധികം പേരു തെരഞ്ഞെത്തുന്നത് ‘ടെഡി ബിയര്‍‘ എന്ന കുട്ടികരടിയെയാണ്. നൂറും അഞ്ഞൂറും രൂപ മുതല്‍ അഞ്ചും പത്തും രൂപയ്ക്ക് വരെ കിട്ടുമെന്നതു തന്നെയാണ് കൗതുകമുള്ള ഈ കുട്ടിക്കരടികള്‍ക്ക് വിപണിയില്‍ പ്രിയം കൂടാന്‍ കാരണം.