കൊച്ചി|
Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (13:47 IST)
നടി ലീനാ മരിയപോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്യൂട്ടി പാർലറില്‍ വെടിവയ്പ് നടത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കൊച്ചിയിലെയും മംഗലാപുരത്തെയും ഗൂണ്ടാസംഘങ്ങളുമായി ബന്ധമുള്ള രണ്ടു ഡോക്ടര്‍മാരാണ് ആക്രമണത്തിന് പിന്നില്‍.
പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് സംശയിക്കുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ ഡോക്ടറുടേയും കാഞ്ഞങ്ങാടുള്ള ഭാര്യയുടേയും വീടുകളിലാണ് റെയ്ഡ് നടത്തി. ലീന മരിയാ പോളുമായി അടുപ്പമുള്ള ഡോക്ടറാണ് ഒരാൾ. ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നടിയുടെ കൈയിൽ ആവശ്യത്തിൽ കൂടുതൽ പണമുണ്ടെന്ന് ഈ ഡോക്ടർ തന്‍റെ സുഹൃത്തായ മറ്റൊരു ഡോക്ടറോട് പറഞ്ഞു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു ഗുണ്ടാസംഘവുമായി അടുപ്പമുളള രണ്ടാമത്തെ ഡോക്ടർ ഇക്കാര്യം അവരോട് സൂചിപ്പിച്ചു. തുടർന്ന് ഈ ഡോക്ടറും ഗുണ്ടാസംഘത്തിലെ ഒരാളും ചേർന്നാണ് ഗൂഡലോചന നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.
പ്രാദേശിക പിന്തുണയില്ലാതെ വെടിവയ്പ് നടക്കില്ല എന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ പൊലീസ്. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ഡോക്ടർമാരുടെ പങ്ക് ബലപ്പെട്ടത്. രവി പൂജാരിയെ മുഖ്യപ്രതിയാക്കിയുളള ആദ്യ കുറ്റപത്രം നാളെ കൊച്ചിയിലെ കോടതിയിൽ സമർപ്പിക്കും.