പിണറായി വിജയൻ ആവുക എന്നത് ചെറിയ കാര്യമല്ല!

ജനാധിപത്യത്തിന് ആവശ്യം സത്യസന്ധരായ നേതാക്കളെയാണ്, ശൈലി മാറ്റാൻ ഉദ്ദേശമില്ലെന്ന് പിണറായി ആവർത്തിക്കുന്നത് അതുകൊണ്ട്!

എസ് ഹർഷ| Last Updated: ചൊവ്വ, 28 മെയ് 2019 (12:42 IST)
ലോൿസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ ശക്തമായ തിരിച്ചടിയുടെ ഉത്തരവാദി ഒരാൾ മാത്രമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. കുറ്റങ്ങളും തോൽ‌വിയും എല്ലാം സഖാവ് പിണറായി വിജയനു മേൽ കെട്ടിവെച്ചിരിക്കുകയാണ്. ജയിച്ചാലും തോറ്റാലും സഖാവ് പിണറായി വിജയന് ഒരു ശൈലിയേ ഉള്ളു. അതിനി ഒരിക്കലും മാറാനും പോകുന്നില്ലെന്ന് അദ്ദേഹം തന്നെ ഉറപ്പിക്കുകയും ചെയ്തതോടെ ആ വിമർശനത്തിന് ഇനി സ്പേസില്ല.

കാര്യങ്ങളെ നേരായി സമീപിക്കുന്ന നേതാവാണ് പിണറായി വിജയൻ. ചുരുക്കി പറഞ്ഞാൽ നേരെ വാ നേരെ പോ, വളഞ്ഞ് പിടിക്കുന്ന പരുപാടി അദ്ദേഹത്തിന് തീരെയില്ല. നിരന്തരം സംഘർഷഭരിതമായ ഒരു പരിസരത്ത് നിന്നുമാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ചുറ്റുപാട് തിരിച്ചറിഞ്ഞത്. അങ്ങനെയുള്ള അദ്ദേഹം ചുണ്ടിൽ കള്ള പുഞ്ചിരി ഒട്ടിച്ച് വെച്ച് കൊണ്ട് ഇന്നേവരെ ഒരു മാധ്യമപ്രവർത്തകനേയും കണ്ടിട്ടില്ല. വ്യാജമായ കുശലം പറച്ചിലും അദ്ദേഹത്തിനില്ല. ഇതൊക്കെ കൊണ്ട് ഒരു ധാർഷ്ഠ്യക്കാരനായി മാറി.

നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി മാറ്റിയത് കൊണ്ടാണ് ജയിച്ചതെന്ന് പറഞ്ഞാൽ അതിനോളം മണ്ടത്തരമായ മറ്റൊന്നുമുണ്ടാകില്ല. അതിനാൽ, പിണറായി വിജയന്റെ ശൈലിയാണ് ഇടതുപക്ഷത്തിന്റെ തോൽ‌വിക്ക് കാരണമെന്ന് പറഞ്ഞാൽ അതും മണ്ടത്തരമെന്നേ പറയാനൊക്കൂ. ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പിണറായി വിജയൻ.

പിണറായി വിജയന്റെ പ്രവർത്തന ശൈലിയേയും ശബരിമല വിധിയേയുമൊക്കെ പഴിക്കുമ്പോൾ, വിമർശിക്കുമ്പോൾ വെറുതെയെങ്കിലും പിണറായിയുടെ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. സി പി എമ്മിന്റെ നേതാവ് ഉമ്മൻ ചാണ്ടി ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സോഫ്റ്റ് പെരുമാറ്റ ശൈലി വെച്ച് മാത്രം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ജയിക്കാനാകുമായിരുന്നോ? ഇല്ലെന്ന് വേണം പറയാൻ. അതുകൊണ്ടാണ് ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ഒരു നേതാവോ അദ്ദേഹത്തിന്റെ ശൈലിയോ അല്ലെന്ന് പറയുന്നത്.

തനിക്ക് കൊഞ്ചിക്കുഴയാനോ കള്ളപുഞ്ചിരി നൽകാനോ കഴിയില്ലെന്ന് തുറന്നു പറഞ്ഞയാളാണ് പിണറായി വിജയൻ. ഞാനിങ്ങനെയാണെന്നും ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നും തോറ്റുവെന്ന് കരുതി ശൈലി മാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമായി തന്നെ അറിയിച്ച് കഴിഞ്ഞിരിക്കുകയാണ് സഖാവ് പിണറായി വിജയൻ. ജനാധിപത്യത്തിൽ ജനങ്ങൾക്ക് ആവശ്യം സത്യസന്ധമായി നിലപാട് അറിയിക്കുന്ന നേതാക്കളെയാണ്. അതിലൊരാളാണ് പിണറായി വിജയനെന്ന് നിസംശയം പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :