പരിപ്പ് വില കുതിക്കുന്നു, ജനുവരി വരെ വിലയിടിവ് പ്രതീക്ഷിക്കേണ്ടതില്ല

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (13:13 IST)
ഉത്പാദനം കുറഞ്ഞതോടെ രാജ്യത്ത് പരിപ്പ് വര്‍ഗ്ഗങ്ങളുടെ വിലയില്‍ കുതിച്ചുകയറ്റം. ഡല്‍ഹിയിലെ റീട്ടെയില്‍ വിപണിയില്‍ തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 180 രൂപവരെയായി. മറ്റ് പരിപ്പ് വര്‍ഗങ്ങളുടെ വിലയിലും കിലോഗ്രാമിന് 10 രൂപ മുതല്‍ 30 രൂപവരെ വര്‍ധനവുണ്ടായി. വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളം ഉള്‍പ്പടെയുള്ള വിപണികളിലേയ്ക്ക് തുവരപ്പരിപ്പ് കൊണ്ടുവരുന്നത്.

അതുകൊണ്ട് തന്നെ കേരളത്തില്‍ വലിയ വിലക്കയറ്റം തന്നെ സമീപകാലങ്ങളില്‍ പ്രതീക്ഷിക്കാം. ജനവരിയോടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് ആരംഭിക്കും. അതുവരെ വില ഉയര്‍ന്നുതന്നെ തുടരുമെന്നും വ്യാപാരികള്‍ പറയുന്നു.

145-180 രൂപ നിലവാരത്തിലാണ് ഡല്‍ഹിയില്‍ പരിപ്പ് വില്‍ക്കുന്നത്. പാക്ക്‌ചെയ്ത പരിപ്പിന്റെ വില 180 രൂപയാണ്. സപ്തംബര്‍ 10ന് 132 രൂപയായിരുന്ന തുവരപ്ഒക്ടോബര്‍ 12 ഓടെ 157 രൂപയായി. ഉഴുന്ന് പരിപ്പിന്റെ വിലയാകട്ടെ 112 രൂപയില്‍നിന്ന് 136 രൂപയുമായും ചെറുപയര്‍ പരിപ്പിന്റെ വില 99 രൂപയില്‍നിന്ന് 109 രൂപയുമായും വര്‍ധിച്ചു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ കെനിയ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പരിപ്പിന്റെ ഗുണമില്ലാത്തതിനാല്‍ വാങ്ങുന്നവര്‍ കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :