ഥാറിന്റെ ആദ്യ യൂണിറ്റ് 'ഥാർ നമ്പർ 1' ലേലത്തിൽവയ്ക്കാൻ മഹീന്ദ്ര; പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:53 IST)
പുത്തൻ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വിൽക്കാൻ ഒരുങ്ങി മഹീന്ദ്ര. ആദ്യ യുണിറ്റ് വാഹനം ലേലം ചെയ്ത് ലഭിയ്ക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകും എന്നാണ് മഹീന്ദ്ര വ്യക്തമാക്കിയിരിയ്ക്കുന്നത്. രണ്ടാം തലമുറയിൽ ആദ്യ നിർമാണം പൂർത്തിയായ ഥാർ യൂണിറ്റ് ലേലത്തിൽ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ മാസം 24 മുതല്‍ 27 വരെയായിരിയ്ക്കും ലേലത്തിന് രജിസ്റ്റർ ചെയ്യാനുള്ള അവസരം.

ഓൺലൈനായാണ് ലേലം സംഘടിപിയ്ക്കുക. ഇതിനായി വെബ്സൈറ്റിൽ പ്രത്യേക പേജ് മഹീന്ദ്ര ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടാം തലമുറ ഥാറിൽ നിന്നും വ്യത്യസ്തമായി നമ്പർ വൺ എന്ന് ബാഡ്ജിങ് ആദ്യ ഥാർ യൂണിറ്റിനുണ്ടാകും. ഡാഷ് ബോര്‍ഡിലും ലെതര്‍ സീറ്റുകളിലും '1' എന്ന് ആലേഖനം ചെയ്തിട്ടുണ്ടാകും. ഓഗസ്റ്റ് 15 നാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളിൽ വാഹനം വിപണിയിലെത്തും. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളിൽ ഥാർ ലഭ്യമായിരിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :