രാജ്യത്തിന്റെ ജിഡിപി ഇരട്ട അക്കമാവും, സാഹചര്യം മെച്ചപ്പെട്ടെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ

അഭിറാം മനോഹർ| Last Updated: ഞായര്‍, 11 ജൂലൈ 2021 (16:30 IST)
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തുമെന്ന് നീതി ആയോഗ് ഉപാദ്ധ്യക്ഷൻ രാജീവ് കുമാർ. ഓഹരി വിപണിയി‌ലും മെച്ചപ്പെട്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊവിഡ് പ്രതികൂലമായി ബാധിക്കപ്പെട്ട ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ വീണ്ടെടുക്കൽ മന്ദഗതിയിലാണ് നടക്കുന്നത്. എങ്കിലും കൊവിഡ് പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021മാർച്ച് 31ന് അവസാനിച്ച സാമൊഅത്തിക വർഷത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.3 ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാൽ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വര്‍ധിക്കുമെന്നും രാജീവ് കുമാർ പറഞ്ഞു. അതേസമയം കൊവിഡ് മൂന്നാം തരംഗം സംഭവിച്ചാലും അത് സമ്പദ് വ്യവസ്ഥയെ ദുർബലമായി മാത്രമെ ബാധിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :