Last Modified തിങ്കള്‍, 8 ജൂലൈ 2019 (12:42 IST)
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാർ. എത്രയും പെട്ടെന്ന് വില്‍പ്പന സംബന്ധിച്ച ഇടപാട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിന് ആവശ്യമായ ഭൂരിഭാഗം രേഖകളും തയ്യാറാക്കിയതായും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റ്
സെക്രട്ടറി അതാനു ചക്രവര്‍ത്തി അറിയിച്ചു.
നിക്ഷേപകരുടെ ഭാഗത്ത് നിന്നുളള താല്‍പര്യക്കുറവ് മൂലമാണ് നേരത്തെ വില്‍പ്പന നടക്കാതെ പോയത്. പോയ വര്‍ഷം നിര്‍ത്തിവച്ച ഓഹരി വില്‍പ്പന അടുത്തിടെ വീണ്ടും സര്‍ക്കാര്‍ പുനരാരംഭിച്ചിരുന്നു. നീതി ആയോഗ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ തുടക്കത്തില്‍ 74 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, ഇത് നിക്ഷേപകരില്‍ താല്‍പര്യക്കുറവിന് കാരണമായിരുന്നു.
ഇതാണ് ഇപ്പോള്‍ പൂര്‍ണ ഓഹരി വില്‍പ്പന എന്ന നയത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വ്യോമയാന രംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്.