ഇന്ത്യന്‍ ടെന്നീസിന്റെ റാണി

വിംബിള്‍ഡണ്‍ , സാനിയ മിര്‍സ , ഓസ്ട്രേലിയന്‍ ഓപ്പണ്‍
ജിബിന്‍ ജോര്‍ജ്| Last Updated: തിങ്കള്‍, 13 ജൂലൈ 2015 (17:58 IST)
സാനിയ മിര്‍സ തിരക്കിലാണ്, ആരും ശല്യം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയോടെയാണ് കഴിഞ്ഞ ദിവസം മുറിയില്‍ കഴിച്ചു കൂട്ടിയത്. തിരക്കിന് കാരണം വേറൊന്നുമല്ല വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ത്രില്‍ ഇതുവരെ അവരെ വിട്ടു പോയിട്ടില്ല. ആ ത്രില്‍ മതി വരുവോളം ആസ്വദിക്കുകയായിരുന്നു ഇന്ത്യന്‍ ടെന്നീസിന്റെ റാണി. ക്രിക്കറ്റ് ലഹരിയില്‍ മതിമറക്കുന്ന ഇന്ത്യന്‍ കായികലോകം സാനിയയുടെ നേട്ടങ്ങള്‍ പലപ്പോഴും കാണാതെ പോകുകയായിരുന്നു. ടെന്നീസില്‍ വരവറിയിച്ച സാനിയ്‌ക്ക് ഇടയ്‌ക്ക് വീഴ്‌ചയും വിവാദങ്ങളും കൂടെ കൊണ്ടു നടക്കേണ്ടി വന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് റാക്കറ്റുക്കൊണ്ട് ഉത്തരം പറഞ്ഞ് മുന്നേറിയ സാനിയ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്.

സിംഗിള്‍സ് താരമായിരുന്ന സാനിയ 2007 ല്‍ ലോക 27മത് നമ്പര്‍ താരമായിരുന്നു. ജയങ്ങള്‍ തേടിയെത്തിയെങ്കിലും പലപ്പോഴും പടിക്കല്‍ കലമുടച്ച് നിരാശയാകാനായിരുന്നു സാനിയയുടെ വിധി. പിന്നീട് ഡബിള്‍സിലേക്ക് ശ്രദ്ധ തിരിച്ച സാനിയ ഇന്ത്യന്‍ ടെന്നീസില്‍ പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ക്കുകയായിരുന്നു. മിക്‌സ്‌ഡ് ഡബിള്‍സില്‍ മൂന്നു മേജര്‍ കിരീടങ്ങള്‍ നേടാന്‍ സാധിച്ച ഇന്ത്യന്‍ താരത്തിന്റെ പ്രകടനം പലരും കാണാതെ പോയി. 2009ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിക്കൊപ്പം ഗ്രാന്‍ഡ്‌സ്ലാം കിരീടം ചൂടിയത് തുടക്കം മാത്രമായിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2012ല്‍ ഫ്രഞ്ച് ഓപ്പണിലും സാനിയ വസന്തം നിറഞ്ഞു നിന്നു. അന്നും മഹേഷ് ഭൂപതിക്കൊപ്പം അന്യമായിരുന്ന കിരീടത്തില്‍ മുത്തമിട്ടു. 2014ല്‍ ബ്രൂണോ സോറസിനൊപ്പം യു എസ് ഓപ്പണും കരസ്ഥമാക്കി.

നേട്ടങ്ങളുടെ സുവര്‍ണ കാലത്തേക്കുള്ള പാത മാത്രമായിരുന്നു ആ ജയങ്ങള്‍. മുന്‍ ലോക ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസ് സാനിയയുടെ കൂടെ പങ്കാളിയായതോടെ അതുവരെയുള്ള പ്രകടനങ്ങളില്‍ നിന്നും പുതിയൊരു തലത്തിലേക്ക് എത്തി ഇന്ത്യന്‍ താരം. മേജര്‍ ടൂര്‍ണമെന്റുകളില്‍ മികച്ച വിജയങ്ങള്‍ സാനിയ - ഹിംഗിസ് സഖ്യം കരസ്ഥമാക്കി. പലപ്പോഴും കിരീടത്തിന് അടുത്തെത്തിയ ശേഷം നിരാശരാകേണ്ടി വന്നു ഇരുവര്‍ക്കും. എന്നാലും ജയങ്ങള്‍ പതിവാക്കുന്നതില്‍ സഖ്യം മിടുക്ക് കാട്ടിയപ്പോള്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് വരെ കുതിച്ചു ഇന്ത്യന്‍ താരം. വിംബിള്‍ഡണിലെ ജയം സാനിയ 2015ല്‍ നേടുന്ന അഞ്ചാം കിരീടമാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹിംഗിസുമൊത്തുള്ള നാലാമത്തെയും. ബെഥാനി മാറ്റെക്കുമായി ചേര്‍ന്ന് എപിയന്‍ ഇന്റര്‍നാഷണല്‍ നേടിയ വിജയമായിരുന്നു സീസണില്‍ ആദ്യത്തേത്.

വനിത ഡബിള്‍‌സില്‍ ഗ്രാന്‍ഡ്‌സ്ലാം എന്ന സ്വപ്നം വിംബിള്‍ഡണില്‍ യാഥാര്‍ഥ്യമാക്കിയ സാനിയയ്‌ക്ക് ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിട്ടതും. വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത കായിക ലോകത്ത് സാനിയ എന്നും ഒരു നായിക തന്നെയായിരുന്നു. ടെന്നീസ് കോര്‍ട്ടിലെ വസ്‌ത്രവും, വിവാഹവും പാകിസ്ഥാന്റെ മരുമകള്‍ എന്ന ലേബലും അതിനുശേഷം തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന പേരും അവര്‍ക്ക് നേരെ ഉയര്‍ന്നു വന്ന ചില വിവാദങ്ങള്‍ മാത്രമാണ്. പക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കുമായുള്ള വിവാഹശേഷവും താന്‍ ഇന്ത്യക്കായി തന്നെ ടെന്നിസ് റാക്കറ്റ് കൈയിലെടുക്കുമെന്ന് വ്യക്തമാക്കിയ സാനിയ പിന്നീട് ഇന്ത്യന്‍ ടെന്നീസിന് മറ്റൊരു മുഖം നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :