ബെയ്ജിങ്|
VISHNU N L|
Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (11:33 IST)
ബെയ്ജിങിലെ ബേഡ്‌സ് നെസ്റ്റ് സ്‌റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍
മാരത്തണ്‍ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായി എറിത്രിയന്‍ കൗമാരതാരം ഗിര്‍മയ് ഗെബ്രിസ്ലാസ്സി ചരിത്രം കുറിച്ചു. പങ്കെടുത്ത ആദ്യ ദിനത്തില്‍ തന്നെ സ്വര്‍ണം നേടി താരം ലോകശ്രദ്ധ നേടുകയും ചെയ്തു.
തന്റെ മൂന്നാമത്തെ മാത്രം മാരത്തണില്‍ പങ്കെടുക്കുന്ന ഗിര്‍മയ് 2 മണിക്കൂര്‍ 12 മിനിറ്റ് 28 സെക്കന്റിലാണ് 36 കിലോമീറ്റര്‍ മാര്‍ക്ക് കടന്നത്. എത്യോപ്യയുടെ യെമനെ സെഗായ് (2:13:08) ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഉഗാണ്ടയുടെ മുന്യോ സോളമന്‍ മുത്തായ് (2:13:30) മൂന്നാം സ്ഥാനം സ്വന്തമാക്കി.
തികച്ചും അപ്രതീക്ഷിതമായാണ് പത്തൊമ്പതുകാരനായ ഗിര്‍മയ് ബെയ്ജിങ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ലോകചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ തന്നെ ആദ്യ സ്വര്‍ണമാണ് കൗമാരതാരം നേടിയത്. 2009-ലെ ബെര്‍ലിന്‍ ചാമ്പ്യന്‍ഷിപ്പില്‍ റ്റഡ്‌സെ സെര്‍സെനായ് 10,000 കിലോമീറ്ററില്‍ നേടിയ വെള്ളിയാണ് എറിത്രിയയ്ക്ക് മുമ്പ് ലഭിച്ചിട്ടുള്ള ഏക മെഡല്‍.
അതേസമയം ലോകത്തെ വേഗതയുടെ രാജാവിനെ ഇന്നറിയാം. ലോകത്തെ വേഗമേറിയ താരത്തെ നിശ്‌ചയിക്കുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ പോരാട്ടം ഉസൈന്‍ ബോള്‍ട്ടും ജസ്‌റ്റിന്‍ ഗാട്‌ലിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിനു തുല്യമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 6.45നാണ് 100 മീറ്റര്‍ ഫൈനല്‍.
ബോള്‍ട്ട് 9.58 സെക്കന്റില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് വേഗതയുടെ ലോക രാജാവായത്. ഗാട്‌ലിനാകട്ടെ 100 മീറ്ററില്‍ ഓടി എത്തിയത് 9.74 സെക്കന്റിലും. എന്നാല്‍ ഈ സീസണില്‍ തന്റെ റെക്കോര്‍ഡിന് ഒപ്പം എത്താറായിട്ടില്ല. ശനിയാഴ്‌ച ഹീറ്റ്‌സില്‍ ഗാറ്റ്‌ലിന്‍ 9.83 സെക്കന്‍ഡിലും ബോള്‍ട്ട് 9.96 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു.