ഒളിമ്പിക്‌സ് ഉദ്‌ഘാടനചടങ്ങ്: പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ

അഭിറാം മനോഹർ| Last Updated: വ്യാഴം, 22 ജൂലൈ 2021 (20:28 IST)
കൊവിഡ് പശ്ചാത്തലത്തിൽ ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ. താരങ്ങളും ഒഫീഷ്യൽസുമടക്കം 28 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. പരമാവധി താരങ്ങൾ പങ്കെടുക്കണമെന്ന സംഘത്തലവന്‍റെ നിർദേശം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തള്ളി.

കൊവിഡ് വ്യാപനം കാരണം ഉദ്ഘാടനച്ചടങ്ങിൽ കായിക താരങ്ങളും ഒഫീഷ്യൽസുമടക്കം 30 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ പരമാവധി പേർ ഉദ്ഘാടന ചടങ്ങിന് എത്തണമെന്ന് ഇന്ത്യൻ സംഘത്തലവനായ ബിപി ബൈശ്യ വാട്സ് ആപ്പിലൂടെ ഇന്ത്യൻ താരങ്ങൾക്ക് നിർദേശം നൽകിയത് വിവാദമായിരുന്നു.എന്നാൽ ഇതിനെതിരെ
അമ്പെയ്ത്ത്, ഹോക്കി, ജൂഡോ താരങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

പതാകവാഹകനായി പങ്കെടുക്കുന്ന മൻപ്രീത് സിംഗ് ഒഴികെ ആരെയും അയക്കേണ്ടെന്ന് ഹോക്കി ടീമും തീരുമാനിച്ചു. താരങ്ങളുടെ എതിർപ്പ് കൂടി പരിഗണിച്ചാണ് ഐഒഎ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചത്.ബോക്സിങ്ങിൽ നിന്ന് എട്ടു പേരും സെയ്‍ലിങ്, ടേബിൾ ടെന്നിസ് വിഭാഗത്തിൽ നിന്ന് നാല് പേർ വീതവും പങ്കെടുക്കും. തുഴച്ചിലിൽ നിന്ന് രണ്ടു പേരും ജിംനാസ്റ്റിക്സ്,നീന്തൽ, ഫെൻസിങ് വിഭാഗത്തി നിന്ന് ഓരോ താരങ്ങളുമാകും അണിനിരക്കുക. ആറ് ഒഫീഷ്യൽസും ചടങ്ങിൽ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :