മൂന്നാം സെറ്റിലേക്ക് പോകുമെന്ന് തോന്നിയ നിമിഷം, ശക്തമായി തിരിച്ചടിച്ച് സിന്ധുവിന്റെ പ്രയാണം; രണ്ട് പോയിന്റ് പിന്നില്‍ നിന്ന ശേഷം രണ്ട് പോയിന്റിന്റെ ലീഡ്

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (15:12 IST)

ടോക്കിയോ ഒളിംപിക്‌സില്‍ കായിക പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി വനിത ബാഡ്മിന്റണ്‍ മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയും ഇന്ത്യയുടെ പി.വി.സിന്ധുവുമാണ് ഏറ്റുമുട്ടിയത്. നേരിട്ട രണ്ട് ഗെയിമുകള്‍ക്ക് യമാഗൂച്ചിയെ സിന്ധു വീഴ്ത്തി. ആദ്യ സെറ്റില്‍ സിന്ധുവിന് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു.

ആദ്യ സെറ്റില്‍ തുടക്കംമുതല്‍ അഞ്ചോ ആറോ ലീഡ് നിലനിര്‍ത്താന്‍ സിന്ധുവിന് സാധിച്ചു. ഒടുവില്‍ 21-13 എന്ന നിലയില്‍ എട്ട് പോയിന്റ് ലീഡുമായി ആദ്യ സെറ്റ് സിന്ധു ജയിച്ചു.


രണ്ടാം സെറ്റ് നാടകീയമായിരുന്നു. ആദ്യ സെറ്റിലെ മേധാവിത്തം സിന്ധു തുടരുമെന്ന് രണ്ടാം സെറ്റിന്റെ തുടക്കത്തിലും തോന്നി. മൂന്നോ നാലോ പോയിന്റ് ലീഡ് നിലനിര്‍ത്തിയാണ് രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ സിന്ധു കളിച്ചിരുന്നത്. എന്നാല്‍, രണ്ടാം സെറ്റ് പകുതിയായതോടെ യമാഗൂച്ചി മത്സരത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. ഒടുവില്‍ യമാഗൂച്ചി ലീഡിലേക്ക് വന്നു. 20-18 എന്ന നിലയില്‍ രണ്ട് പോയിന്റ് ലീഡ് നേടി യമാഗൂച്ചി രണ്ടാം സെറ്റ് നേടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. മത്സരം മൂന്നാം സെറ്റിലേക്ക് കടക്കുമെന്ന് ഇന്ത്യയിലെ കായികപ്രേമികളും ! എന്നാല്‍, പിന്നീട് തുടര്‍ച്ചയായി നാല് പോയിന്റ് നേടി യമാഗൂച്ചിയെ സിന്ധു വീഴ്ത്തി. 18-20 എന്ന നിലയില്‍ നിന്ന് 22-20 ലേക്ക് സിന്ധു എത്തിയത് അത്രത്തോളം ആവേശംപകരുന്ന കാഴ്ചയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :