ഒരു പാകിസ്ഥാനി വിജയിച്ചിരുന്നാലും സന്തോഷത്തിൽ മാറ്റം വരില്ലായിരുന്നു, ശ്രദ്ധ നേടി നീരജ് ചോപ്രയുടെ അമ്മയുടെ മറുപടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (19:10 IST)
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കുറിച്ച ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയുടെ അമ്മയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. മകന്റെ വിജയത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് സരോജ് ദേവിയുടെ പ്രതികരണമുണ്ടായത്. പാകിസ്ഥാന്‍ താരമായ അര്‍ഷദിനെ പരാജയപ്പെടുത്തികൊണ്ടുള്ള നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ നേട്ടത്തെ എങ്ങനെ നോക്കികാണുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാവരും മത്സരിക്കാനയാണ് എത്തിയിരിക്കുന്നത്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ വിജയിക്കും. അത് പാകിസ്ഥാനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്ഥാനിയാണ് വിജയിച്ചതെങ്കില്‍ പോലും അത് സന്തോഷമുള്ള കാര്യമാണ് എന്നായിരുന്നു സരോജ് ദേവിയുടെ മറുപടി.

അതേസമയം പാകിസ്ഥാനിയെന്നും ഇന്ത്യനെന്നും വിദ്വേഷമുയര്‍ത്തുന്നത് സാധരണമാകുമ്പോല്‍ നീരജിന്റെ മാതാവിന്റെ പ്രതികരണം അഭിനന്ദനമര്‍ഹിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിക്കുന്നു. നീരജിനെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കാതെ അവനെ സ്‌പോര്‍ട്‌സില്‍ ശ്രദ്ധ നല്‍കാന്‍ പറയുന്ന അമ്മയാണ് സരോജ് ദേവിയെന്നും ചിലര്‍ പറയുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയപ്പോള്‍ വെള്ളിമെഡല്‍ നേടിയത് പാകിസ്ഥാന്റെ അര്‍ഷാദ് നദീമായിരുന്നു. നീരജ് ചോപ്രയും അര്‍ഷാദ് നദീമും തമ്മില്‍ ഊഷ്മളമായ ബന്ധമാണുള്ളത്.നീരജിന്റെ പ്രകടനങ്ങള്‍ തനിക്ക് പ്രചോദനം നല്‍കാറുള്ളതായി നദീം ഇതിന് മുന്‍പും വെളിപ്പെടുത്തിയിട്ടുണ്ട്. ഫൈനല്‍ മത്സരശേഷം പാക് താരത്തെ ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ക്ഷണിച്ചത് നീരജ് ചോപ്രയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :