അഭിറാം മനോഹർ|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (17:18 IST)
Arshad Nadeem, Neeraj chopra
പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്രയ്ക്ക് സാധിച്ചിരുന്നു. ഒളിമ്പിക്‌സ് റെക്കോര്‍ഡ് സ്വന്തമാക്കികൊണ്ട് പാകിസ്ഥാന്‍ താരമായ അര്‍ഷാദ് നദീമായിരുന്നു സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. മത്സരശേഷം നീരജിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങിയതില്‍ സങ്കടമില്ലെന്നും അര്‍ഷാദ് നദീമും തനിക്ക് മകനെ പോലെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ പറഞ്ഞ വാര്‍ത്ത വൈറലായിരുന്നു.
ഇപ്പോഴിതാ അര്‍ഷാദിനെ നീരജിന്റെ അമ്മ ചേര്‍ത്തുപിടിച്ചപോലെ നീരജിനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് അര്‍ഷാദ് നദീമിന്റെ ഉമ്മ. പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരമായ
നീരജ് ചോപ്ര തനിക്ക് മകനെ പോലെയാണെന്ന് സ്വര്‍ണമെഡല്‍ ജേതാവായ പാക് താരം അര്‍ഷാദ് നദീമിന്റെ ഉമ്മ പറഞ്ഞു. നീരജ് എനിക്ക് മകനെ പോലെയാണ്. നദീമിന്റെ അടുത്ത സുഹൃത്തും സഹോദരനുമാണ് അവന്‍. ജയതോല്‍വികള്‍ എല്ലാം കായികയിനങ്ങളുടെ ഭാഗമാണ്. നീരജിന്റെ ദൈവം അനുഗ്രഹിക്കട്ടെ. കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കാന്‍ നീരജിനാകട്ടെ. ഞാന്‍ അവനായും പ്രാര്‍ഥിച്ചിരുന്നു. എന്നാണ് ഒരു പാക് മാധ്യമത്തോടെ അര്‍ഷാദ് നദീമിന്റെ ഉമ്മ പ്രതികരിച്ചത്.
പാക് താരം അര്‍ഷാദ് നദീം തനിക്ക് മകനെ പോലെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ പറയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. നീരജിന്റെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്വര്‍ണം നേടിയ അര്‍ഷാദും എനിക്ക് മകനെ പോലെയാണ്. എല്ലാവരും കഠിനാദ്ധ്വാനം ചെയ്താണ് ഒളിമ്പിക്‌സില്‍ എത്തുന്നത് എന്നായിരുന്നു നീരജിന്റെ അമ്മയുടെ വാക്കുകള്‍.
പാരീസ് ഒളിമ്പിക്‌സിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒളിമ്പിക്‌സ് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് അര്‍ഷാദ് നദീം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. 88.54 മീറ്റര്‍ ദൂരം കണ്ട ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് മത്സരത്തില്‍ വെങ്കല മെഡല്‍ നേട്ടം. ടോക്യോ ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം ഫിനിഷ് ചെയ്തത്.