മടക്കയാത്രകള്‍

കവിത

WEBDUNIA|
എത്ര വര്‍ഷാന്ത്യങ്ങള്‍ വന്നുപോയ്...- ഒക്കെയും
വീണ്ടും വിടര്‍ത്തുന്നു കണ്ണുനീര്‍പ്പൂവുകള്‍.
''പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ്ക്കൂടി വിയോഗം വരും പോലെ""
പിരിയുവാന്‍ മാത്രമായ്ച്ചേര്‍ന്നിട്ടു ഞാനെന്‍റെ
ജന്മഗേഹം വിട്ടു വീണ്ടും മടങ്ങുന്നു....

അമ്മ ചോദിക്കുന്നു,മക്കളേ എന്നിനി...?
അന്നു ഞാനുണ്ടാകുമോ...?ആര്‍ക്കറിഞ്ഞിടാം...?
അച്ഛന്‍ പറയാത്ത വാക്കുകള്‍ക്കുള്ളിലോ
സാഗരമായിരമാര്‍ത്തിരമ്പീടുന്നു.

പ്രേയസി തന്നുടെ മിഴികളിലെഴുതിയ
കരിമഷിനീളെപ്പടര്‍ന്നിറങ്ങീടവേ
കുഞ്ഞനുജത്തിക്കു തീര്‍ക്കുവാനുള്ള സ്വയം-
വരപ്പന്തലിന്‍ ചിത്രം വരച്ചു ഞാന്‍.

പല്ലു കിളിര്‍ക്കാത്ത മോണകാട്ടിക്കൊണ്ടു
എന്‍ മകളെന്നെനോക്കിച്ചിരിച്ചീടവേ...
കൊണ്ടുപോകട്ടെ ഞാനീച്ചിരി... ഓമലേ
ഓണമെനിക്കിതു നല്‍കിടും ഓര്‍ക്കുമ്പോള്‍.
രാമായണത്തിലെ ശീല്‍ വീണ്ടുമോര്‍ക്കുന്നു..
''എത്രയും ചഞ്ചലമാലയസംഗമം""

പോയ്വരാം .... വാക്കുകള്‍ വീണ്ടും മുറിയുന്നു, കര്‍മ്മങ്ങ-
ളേറെയാണൊക്കൈയൊടുങ്ങും വരെ പിരിഞ്ഞീടണം.

ഇത്തിരി മണ്ണു നമുക്കായി വാങ്ങണം
കൊച്ചുവീടൊന്നതില്‍ തീര്‍ത്തുവെയ്ക്കണം
ആദ്യമായമ്മ ദീപം തെളിക്കണം
അച്ഛനേകണം വിശ്രമജീവിതം.

പിന്നെയും മോഹമൊരായിരം വിണ്ണിലായ്....
മണ്ണിലോ? ജീവിതയാഥാര്‍ഥ്യമുള്ളുകള്‍.

വെണ്‍ മേഘപാളികള്‍ തീര്‍ക്കുന്ന മാളിക
പോലവേയെന്‍ മനം തീര്‍ക്കുന്ന സ്വപ്നങ്ങള്‍
എന്നറിയുമ്പൊഴും വീണ്ടും വരുന്നു ഞാന്‍
നാട്ടിലെന്നോ ഇറ്റ് പച്ചപ്പ് മൊട്ടിടാന്‍...!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :