അര്‍ദ്ധരാത്രിയില്‍ ഡാല്‍മിയയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ 50 അനാഥക്കുഞ്ഞുങ്ങള്‍

കൊല്‍ക്കത്ത| JOYS JOY| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (17:45 IST)
ബി സി സി ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജഗ്‌മോഹന്‍ ഡാല്‍മിയയെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പാതിരാത്രിയില്‍ കാത്തുനിന്നത് 50 അനാഥക്കുഞ്ഞുങ്ങള്‍. ബി സി സി ഐ തലവനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കൊല്‍ക്കത്തയിലേക്ക് തിരികെയെത്തുന്ന ഡാല്‍മിയയെ സ്വീകരിക്കുന്നതിനാണ് സംഘാടകര്‍ ഈ കുരുന്നുകളുടെ ഉറക്കം കളഞ്ഞത്.

എന്നാല്‍ ആരാണ് ഈ ജഗ്‌മോഹന്‍ ഡാല്‍മിയ എന്ന് കൈയില്‍ താലവുമേന്തി കാത്തുനിന്ന കുട്ടികളില്‍ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു എന്നതാണ് സത്യം. ഒരു കുട്ടിയോട് ഡാല്‍മിയ ആരാണെന്നു ചോദിച്ചപ്പോള്‍ ‘അറിയില്ല’ എന്നായിരുന്നു മറുപടി. മറ്റൊരു കുട്ടിയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന രീതിയില്‍ ആ കുട്ടി തലയാട്ടുക മാത്രമാണ് ചെയ്തത്.

ഡാല്‍മിയ എത്തിയതോടെ കാത്തുനിന്ന പത്ര ഫോട്ടോഗ്രാഫര്‍മാരും അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന് അടുത്തേക്ക് ഓടിയെത്തി. ഡാല്‍മിയയെ കാത്തുനിന്ന ഈ പെണ്‍കുരുന്നുകളെ തള്ളിമാറ്റിയായിരുന്നു മാധ്യമപ്രവര്‍ത്തകരും മറ്റും അദ്ദേഹത്തിന്റെ അടുത്തെത്തിയത്. മാതാപിതാക്കളുള്ള കുട്ടികള്‍ ആയിരുന്നു ഇവരെങ്കില്‍ ഇവരെ ഇവിടെ ഇങ്ങനെ നിര്‍ത്തുമായിരുന്നോ എന്നാണ് ധാര്‍മ്മികരോഷത്തോടെ ചിലര്‍ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :