Last Modified ബുധന്‍, 19 ജൂണ്‍ 2019 (11:16 IST)
യുപിയില്‍ തനിക്കെതിരെയുണ്ടായ ലൈംഗികാക്രമണത്തില്‍ പോലീസ് കേസെടുക്കാതിരുന്നതിനെത്തുടര്‍ന്ന് യുവതി
ആത്മഹത്യ ചെയ്തു. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ നിഷ്‌ക്രിയത്വമാണ് തന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നു യുവതി ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തി.
24-കാരിയായ യുവതിക്കുനേരെ ഒരുസംഘമാളുകള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ ദാതാഗഞ്ച് പോലീസ് വിസമ്മതിച്ചു. തുടര്‍ന്ന്‍ പിറ്റേ ദിവസം യുവതിയെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദാതാഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് ലാലിനെ സീനിയര്‍ പോലീസ് സുപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.
യുവതിക്കെതിരെ ആക്രമണം നടന്നത് സെക്കന്തരാബാദിലായതിനാല്‍ അവിടുത്തെ സ്റ്റേഷനില്‍ കേസ് നല്‍കാനാണ് ദാതാഗഞ്ച് സ്റ്റേഷനില്‍ നിന്നു യുവതിയോടു പറഞ്ഞതെന്ന് സീനിയര്‍ സുപ്രണ്ട് അശോക് കുമാര്‍ ത്രിപാഠി പറയുന്നു. പക്ഷെ യുവതിയുടെ മൃതദേഹം കാണപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇരയായ യുവതി ബറെയ്‌ലി മേഖലാ എഡിജിപി അവിനാശ് ചന്ദ്രയ്ക്കും പരാതി നല്‍കിയിരുന്നെന്നും അദ്ദേഹവും കേസെടുക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ ബന്ധുവായ ഒരാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുവതി വിവാഹിതയായത്. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്‍ കുറച്ചു മാസങ്ങളായി അവര്‍ മാതാപിതാക്കളോടൊപ്പമാണു താമസിക്കുന്നത്. കഴിഞ്ഞ മാസം 15-ന്, ഭര്‍ത്താവിന് സുഖമില്ലെന്നു തെറ്റിദ്ധരിപ്പിച്ച് അകന്ന മൂന്നു ബന്ധുക്കള്‍ ചേര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദിലേക്കു കൊണ്ടുപോയിരുന്നു.
ബന്ധുക്കള്‍ അവിടെവെച്ച് ഒരാഴ്ചയോളം സംഘം ചേര്‍ന്ന് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന്‍ യുവതിയെ ദല്‍ഹിയിലേക്കു കൊണ്ടുപോകവെ, റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിതാവിനെ കണ്ടപ്പോള്‍ അവരില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. നിലവില്‍ പരാതിയില്‍
മൂന്നുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ തന്നെ ബന്ധുക്കളാണു മൂവരും.