ന്യൂഡൽഹി|
aparna shaji|
Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (17:20 IST)
വിവിധ ബാങ്കുകളിൽ നിന്നും 9000 കോടി രൂപയോളം വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യക്കെതിരെ പിടിമുറുക്കിയിരിക്കുകയാണ് ഇന്ത്യ. മല്യയെ ഇന്ത്യയിലേക്ക് പറഞ്ഞ് വിടണമെന്ന്
ഇന്ത്യ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വർഷങ്ങളോളം സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ
വിജയ് മല്യ ഒടുവിൽ സർക്കാരിനെ തന്നെ പറ്റിച്ചാണ് മുങ്ങിയത്.
ബാങ്കിൽ നിന്നും വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിനു പുറമെ നികുതി വെട്ടിപ്പിനും മല്യയ്ക്കെതിരെ ഇന്ത്യയിൽ കേസു നിലനിൽക്കുന്നുണ്ട്. മല്യക്കെതിരെ ബാങ്ക് കൺസോർഷ്യം നൽകിയ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വിഷയവുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് പല തവണ കോടതി മല്യയ്ക്ക് സമൻസ് അയച്ചിരുന്നു.
അതേസമയം, കോടതിയോട് വിശദീകരണം നൽകാതെ ഇപ്പോഴും ലണ്ടനിൽ തന്നെയാണ് മല്യ. ഇതിനെത്തുടർന്ന് മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി വാറണ്ടുകള്‍ അയച്ചിട്ടും ഹാജരാകാത്തതിനേത്തുടര്‍ന്ന് മല്യക്കെതിരെ കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.