സൗദിയിലെ തൊഴിലാളി ദുരിതം രണ്ട് വര്‍ഷം മുമ്പേ ആംനസ്റ്റി പറഞ്ഞു; പക്ഷേ അധികൃതര്‍ കേട്ടില്ല

സൗദിയിലെ തൊഴിലാളി ദുരിതം രണ്ട് വര്‍ഷം മുമ്പേ ആനംസ്റ്റി പറഞ്ഞു; പക്ഷേ അധികൃതര്‍ കേട്ടില്ല

PRIYANKA| Last Updated: ചൊവ്വ, 2 ഓഗസ്റ്റ് 2016 (11:51 IST)
സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ 2014 ജുലൈ നാലിന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നു. ''ദി റിപ്പോര്‍ട്ട്, എക്‌സ്‌പ്ലോയിറ്റഡ് ഡ്രീംസ്: ഡെസ്പാച്ചസ് ഫ്രം ഇന്ത്യന്‍സ് മൈഗ്രന്റ് വര്‍ക്കേര്‍സ് ഇന്‍ സൗദി അറേബ്യ(The report, Exploited Dreams: Dispatches from Indian migrant workers in Saudi Arabia)''
എന്ന റിപ്പോര്‍ട്ടിലാണ് തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും പീഡനങ്ങളും വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്നത്തെിയ തൊഴിലാളികളുടെ പ്രശ്‌നങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഭരണാധികാരികള്‍ ഇക്കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വിദേശകാര്യ സഹമന്ത്രിയായിരിക്കെ വയലാര്‍ രവി സൗദിയുമായി ഇന്ത്യക്കു കാര്യമായ തൊഴില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. അതോടെ അന്ന് റിക്രൂട്ട്‌മെന്റ് നിയന്ത്രണ ചുമതലയുള്ള ചെന്നൈയിലെ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റിനേയും ആംനസ്റ്റി കണ്ടിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി റിക്രൂട്ട്‌മെന്റ് നടത്തിയ ഒരു ഏജന്റിനേപ്പോലും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ആനംസ്റ്റിയ്ക്ക് ലഭിച്ച മറുപടി.

തൊഴില്‍ ഉടമകള്‍ അന്യായമായി വേതനത്തില്‍ നിന്നും പണം പിരിക്കല്‍, പറഞ്ഞ വേതനം നല്‍കാതിരിക്കല്‍, വേതനം വൈകി നല്‍കല്‍, വേതനം നല്‍കാതിരിക്കല്‍ തുടങ്ങിയ മനുഷ്യാവകാശലംഘനങ്ങള്‍ സൗദിയില്‍ നടന്നു വരുന്നതായി ആനംസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി നിയമപ്രകാരം 8 മണിക്കൂറാണ് ജോലി. എന്നാല്‍ ആഴ്ചയില്‍ ഏഴു ദിവസവും 15ഉം 18ഉം മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു. പാസ്‌പോര്‍ട്ട് പിടിച്ചു വച്ചും എക്‌സിറ്റ് നല്‍കാതെയുമാണ് പ്രവാസി തൊഴിലാളികളെ സൗദി പീഡിപ്പിക്കുന്നത്.

സൗദിയിലെ തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പ്രധാന കാരണം വിസാ ബ്രോക്കര്‍മാരുടേയും റിക്രൂട്ടിങ് ഏജന്റുമാരുടേയും തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതാണെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൊഴിലുടമയുടെ ഉദ്ദേശം മനസിലാക്കി തൊഴിലാളിയെ തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ മനുഷ്യക്കടത്തുകാരനായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭ തന്നെ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ ഇത്തരത്തിലാണെന്നിരിക്കെയാണ് ഇപ്പോള്‍ സൗദിയിലെ തൊഴിലാളി പീഡനം പുറംലോകം അറിയുന്നതും സര്‍ക്കാര്‍ കണ്ണു തുറക്കുന്നതും.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :