അഭിറാം മനോഹർ|
Last Modified വെള്ളി, 13 ജനുവരി 2023 (21:15 IST)
സ്വാമി വിവേകാനന്ദൻ്റെ പുനർജന്മമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പശ്ചിമബംഗാളിലെ ബിജെപി എം പി സൗമിത്ര ഖാൻ. സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സൗമിത്ര ഖാൻ.
സ്വാമിജി വീണ്ടും പുതിയ രൂപത്തിൽ നരേന്ദൃമോദിയായി ജനിച്ചിരിക്കുന്നു. ഞങ്ങൾക്ക് സ്വാമിജി ദൈവതുല്യനാണ്. അമ്മയെ നഷ്ടപ്പെട്ടിട്ടുപോലും രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചയാളാണ് മോദി. ആധുനിക ഇന്ത്യയുടെ പുതിയകാല സ്വാമിജിയാണ് മോദിയെന്ന് ഞാൻ കരുതുന്നു. സൗമിത്ര ഖാൻ പറഞ്ഞു. അതേസമയം പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്വാമി വിവേകാനന്ദനെ ഇകഴ്ത്തുന്ന പ്രസ്താവനയാണ് ബിജെപി നേതാവ് നടത്തിയതെന്ന് തൃണമൂൽ നേതാവും കൊൽക്കത്ത മേയറുമായ ഫർഹാദ് ഹകീം പറഞ്ഞു.