സുനന്ദ പുഷ്കര്‍ കൊലപാതകം; തരൂരിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| vishnu| Last Updated: വെള്ളി, 9 ജനുവരി 2015 (10:52 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ശശി തരൂരിനെ പ്രതികൂട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി തരൂരിന്റെ വീട്ടുവേലക്കാരന്‍ പൊലീസിനു മൊഴിനല്‍കി. ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ ഇല്ലാതാകുമെന്ന് സുനന്ദ പറഞ്ഞതാ‍യാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സുനന്ദ കൊല്ലപ്പെടുന്ന ദിവസവും അതിനു മുമ്പും മറ്റൊരാളും ആ റൂമിലുണ്ടായിരുന്നു എന്നും ഇയാളെ സുനില്‍ന്‍ സാബ് എന്നാണ്‍ സംബോധന ചെയ്തിരുന്നതെന്നും വീട്ടുവേലക്കാരനായ നാരായണ്‍ സിംഗ് നല്‍കിയ മൊഴിയിലുണ്ട് എന്നാണ് സൂചന.

ഇയാള്‍ പ്രധാനപ്പെട്ട ചില സന്ദേശങ്ങള്‍ പകര്‍ത്താനും ട്വീറ്റ് ചെയ്യാനും സുനന്ദയെ സഹായിച്ചതായും നായായണ്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനും കംപ്യൂട്ടറില്‍നിന്നു കോപ്പി ചെയ്യുന്നതിനുമാണ് സുനില്‍ സാബ് സഹായിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ തരൂരിനെ സുനന്ദ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നാരായണ്‍ മൊഴി നല്‍കി. ആറു മണിക്കൂറാണു പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.

ഇതൊടെ തരൂര്‍ വീണ്ടും സംശയത്തിന്റെ നിഴലിലായി. കൊലപാതകത്തില്‍ തരൂ‍രിന് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന സംശയം ഡല്‍ഹി പൊലീസിന് ഉണ്ടായിട്ടുണ്ട്. ഹിമാചലിലായിരുന്ന നാരായണ്‍ സിംഗിനെ
പൊലീസ് ചോദ്യംചെയ്യലിനായി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തുകയായിരുന്നു. നാരായണ്‍ സിങ്ങിനെ പൊലീസ് കഴിഞ്ഞ നവംബറില്‍ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. നവംബറില്‍ ചോദ്യം ചെയ്തപ്പോള്‍ നാരായണ്‍ സിങ്ങിനെ പൊലീസ് മര്‍ദിച്ചെന്ന് തരൂര്‍ ആരോപിച്ചിരുന്നു. ഇത് കാണിച്ച് തരൂര്‍ പൊലീസ് കമ്മീഷണര്‍ ബസിക്ക് കത്തയച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

തരൂരിനെ ചോദ്യം ചെയ്യുന്നതിന് ഔപചാരികമായി നോട്ടിസ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബിഎസ് ബസി പറഞ്ഞു. തരൂരിന്റെ ആരോപണം ബസി നിഷേധിച്ചു. ആരോപണത്തിന് അടിസ്ഥാനമില്ല. തരൂരിന്റെ കത്തിനു മറുപടി നല്‍കിയതുമില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നും ബസി പറഞ്ഞു.

അതേ സമയം കൊലപാതകത്തെക്കുറിച്ചുള്ള സത്യം പുറത്തുവന്നുകഴിഞ്ഞെന്നും ഇനി തരൂര്‍ സത്യം പറയുകയാണു വേണ്ടതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ശശി തരൂര്‍ ഇപ്പോള്‍ കേരളത്തിലെ പെരുമ്പാവൂരിലുള്ള ആയുര്‍വ്വെഡ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ചികിത്സ ഇന്ന് അവസാനിക്കും. വിഷയവുമായി ബന്ധപ്പെട്ട് തരൂര്‍ പ്രതികരിക്കുമെന്ന് കരുതി ദേശീയ മാധ്യമങ്ങള്‍ അടക്കം ആയുര്‍വേദ കേന്ദ്രത്തിനു മുന്നില്‍ കാത്തിരിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :