ചെന്നൈ|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (13:26 IST)
മുന്‍ കേന്ദ്ര മന്ത്രി ജി കെ വാസന്‍ പാര്‍ട്ടി വിട്ടതോടെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. ജി കെ വാസന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. എഐസിസിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ വച്ച് പാര്‍ട്ടിയുടെ പേരും കൊടിയും പ്രഖ്യാപിക്കും.
തമിഴ്നാട്ടിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്ടിച്ച് മുതിര്‍ന്ന നേതാവ് ജി കെ വാസന്റെ നേതൃത്വത്തിലുള്ളവര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ആഴ്ച സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ച ബി എസ് ജ്ഞാനദേശികന്‍ വാസന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ അദ്ദേഹം പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു.
വാസന്റെ പിതാവായ ജെ കെ മൂപ്പനാര്‍, പ്രമുഖ നേതാവ് കാമരാജ് തുടങ്ങിയ സംസ്ഥാനത്തെ നേതാക്കളുടെ പാരമ്പര്യം ഹൈക്കമാന്‍ഡ് മറക്കുന്നുവെന്നാണ് പ്രധാന ആരോപണം. മൂപ്പനാരുടെ നേതൃത്വത്തില്‍ 1996ല്‍ ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഡിഎംകെയുമായി സഖ്യത്തിലായിരുന്ന പാര്‍ട്ടി മൂപ്പനാറുടെ മരണശേഷം 2002ല്‍ കോണ്‍ഗ്രസില്‍ ലയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ കോണ്‍ഗ്രസിന് കേവലം അഞ്ച് സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.