ന്യൂഡല്‍ഹി|
Last Updated:
വെള്ളി, 31 ഒക്‌ടോബര്‍ 2014 (11:45 IST)
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ മറന്നു. പകരം സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം ആഘോഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധം ഉയര്‍ത്തി. അതേസമയം പട്ടേലിന്റെ സ്മരണയില്‍ ഇനി എല്ലാ വര്‍ഷവും ഇതേ ദിവസം ദേശീയ ഐക്യദിനമായി ആചരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കൂട്ടയോട്ടവും ഐക്യദിന പ്രതിജ്ഞയുമടക്കം വിപുലമായ പരിപാടികളോടെ ഇനി എല്ലാവര്‍ഷവും സര്‍ദാര്‍വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം ആഘോഷിക്കാനാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തീരുമാനം. സ്വാതന്ത്ര്യസമരത്തിലെ മുന്‍നിരപോരാളിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ പട്ടേലിനെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപിച്ച് പട്ടേലിന്റെ പേരില്‍ ലോകത്തെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തില്‍ നിര്‍മിക്കാനും മോഡി തീരുമാനിച്ചിരുന്നു.
അതേസമയം പട്ടേലിനെ ആദരിക്കാനെന്ന പേരില്‍ മുന്‍പ്രധാനമന്ത്രിയുടെ രക്തസാക്ഷിത്വത്തെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്ന് ശശി തരൂര്‍ എം പി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്ദിരാ ഗാന്ധിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞ കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ചരിത്രത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അഭ്യര്‍ഥിച്ചു.
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രി, നെഹ്റു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി, പദവിയിലിരിക്കെ കൊല്ലപ്പെട്ട ഏക ഇന്ത്യന്‍ പ്രധാനമന്ത്രി എന്നിങ്ങനെ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന് പ്രാധാന്യമേറെയുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് മൂന്നു പതിറ്റാണ്ട് തികയുന്ന വേളയില്‍ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്.