തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സിംകാര്‍ഡുകള്‍ വാങ്ങി; രൂപേഷ്, ഷൈന ദമ്പതികള്‍ക്കെതിരെ പുതിയ കേസ്

രൂപേഷ്, ഷൈന, മാവോയിസ്റ്റ്
കോയമ്പത്തൂര്| rahul balan| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (15:16 IST)
കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് ദമ്പതികള്‍ക്കെതിരെ പുതിയ കേസ്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സിംകാര്‍ഡുകള്‍ വാങ്ങിയതായി ആരോപിച്ചാണ് കോയമ്പത്തൂര്‍ റൂറല്‍ ജില്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോര്‍ജ്ജും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രൂപേഷും ഷൈനയുമടക്കം അഞ്ച് പേരെ കഴിഞ്ഞ വര്‍ഷം മെയ് നാലിന് അറസ്റ്റ് ചെയ്യുമ്പോള്‍ 43 സിംകാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചിലരുടെ വോട്ടര്‍ ഐ.ഡി കാര്‍ഡും റേഷന്‍ കാര്‍ഡ് പകര്‍പ്പും ഉപയോഗിച്ചാണ് ഇവര്‍ സിംകാര്‍ഡുകള്‍ വാങ്ങിയതെന്ന്
അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാങ്ക് വായ്പകള്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഇവരില്‍ നിന്നും
രേഖകളുടെ പകര്‍പ്പുകള്‍ കൈക്കലാക്കിയതെന്നും പോലീസ് പറയുന്നു.

ഷൈനയ്‌ക്കെതിരെ പൊള്ളാച്ചി കോട്ടൂര്‍ പാറക്കട എസ് ധനലക്ഷ്മി കോട്ടൂര്‍ പോലീസിലും പൊള്ളാച്ചി ബോയര്‍ കോളനി ജി വേലുമണി അനൂപ് ജോര്‍ജിനെതിരെയും പൊള്ളാച്ചി പൊന്നവാരം സി. പഞ്ചലിംഗം രൂപേഷിനെതിരെയും താലൂക്ക് പോലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രൂപേഷടക്കമുള്ള പ്രതികളെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇവരെ പുറത്തു വിടാതിരിക്കാന്‍ പൊലീസ് ഉണ്ടാക്കിയ വ്യാജ കേസാണിതെന്ന ആരോപണം ഉയരുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :