മുഴുവന്‍ ഇന്ത്യക്കാരെയും രക്ഷിച്ചു, യമനിലെ ഇന്ത്യന്‍ എംബസി അടച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Updated: വെള്ളി, 10 ഏപ്രില്‍ 2015 (10:38 IST)
യെമനില്‍ നടത്തിവന്ന വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. സനായില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം
അവസാനിച്ചത്. ഇവരില്‍ 400 പേര്‍ മലയാളികളാണ്. അതേസമയം,​ യെമനില്‍ നിന്നും 350 യാത്രക്കാരുമായി ഇന്ത്യ നാവികസേനാ കപ്പലായ സുമിത്ര ജിബൂത്തിയിലെത്തിച്ചു.
ഇതില്‍ 303 പേര്‍ വിദേശ പൗരന്മാരും 46 പേര്‍ ഇന്ത്യക്കാരുമാണ്.

ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ അവസാനിപ്പിച്ചതിനു പിന്നാലെ യമനിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്യ്രാലയം അടച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
ജിബൂത്തിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തതായി സുഷമാ സ്വരാജ് പറഞ്ഞു. അതേസമയം കപ്പല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ തുടരും.

മാര്‍ച്ച് 31 മുതല്‍ ആരംഭിച്ച രക്ഷാദൗത്യത്തില്‍ ഇതുവരെ 4640 ഇന്ത്യക്കാരെയും 41 രാജ്യങ്ങളില്‍ നിന്നുള്ള 960 വിദേശികളെയും അടക്കം വ്യോമ-കപ്പല്‍ മാര്‍ഗം 5600-ലധികം പേരെയാണ് സംഘര്‍ഷഭരിതമായ യെമനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം,​ യെമനിലെ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുകയാണെന്നും ഏദന്‍ തുറമുഖത്ത് ബോംബാക്രമണം നടന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീന്‍ ട്വറ്ററില്‍ കുറിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :