ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 25 മെയ് 2015 (12:57 IST)
രാജ്യത്തെ തെരഞ്ഞെടുത്ത് 100 ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബൃഹത് റോഡ് നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജമാര്‍ഗം എന്ന്‍ വിളിക്കുന്ന പദ്ധതിയില്‍ പക്ഷെ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. 'രാഷ്ട്രീയ രാജ് മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന' (ആര്‍.ആര്‍ഇ സെഡ്.എസ്.പി) എന്ന് പേരിട്ട പദ്ധതി്ക്ക് 60,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ദേശീയ പാതയടക്കം കേന്ദ്ര പദ്ധതികളോട് മുഖം തിരിച്ചു നില്‍ക്കുന്നതിനാണ് പുതിയ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത്. പദ്ധതി നടപ്പിലാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുത്ത് നല്‍കണം. കേരളത്തില്‍ ഇത് പ്രാവര്‍ത്തികമല്ലാത്തതിനാല്‍ പദ്ധതി കേരളത്തിന്റെ അതിര്‍ത്തികളില്‍ അവസാനിക്കും. റോഡുവികസനത്തിനായി അടുത്തിടെ പ്രഖ്യാപിച്ച 'ഭാരത് മാല' പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പദ്ധതിയും ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും കടന്നുപോകുന്ന മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളെ റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള 'സാഗര്‍മാല' പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റോഡ്, റെയില്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ആക്കംകൂട്ടുമെന്നു കണ്ടാണ് മോഡി സര്‍ക്കാര്‍ ഈ രംഗത്ത് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇന്ധന വിലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ നിന്നുള്ള വരുമാനമാണ് പുതിയ റോഡ് നിര്‍മ്മാണങ്ങള്‍ക്കായി ചെലവഴിക്കുക.