ഗുജറാത്ത്|
jibin|
Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (20:09 IST)
ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. നരേന്ദ്ര മോദി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു.
വാഹനത്തിന്റെ ചില്ലുകൾ പൂർണമായി തകർന്നെങ്കിലും എസ്പിജി കമാൻഡോസിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രാഹുലിന് പരുക്കേറ്റില്ല. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കുണ്ട്. സിമന്റ് ഇഷ്ടിക ഉപയോഗിച്ചാണ് കാറിനു നേരെ എറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഗുജറാത്തില്‍ പര്യടനം നടക്കുന്നതിനിടെ ലാൽ ചൗക്കിൽ നിന്നും ധനേരയിലെ ഹെലിപാഡിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.
ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ബിജെപി ഗുണ്ടകൾ സംഘടിതമായി നടത്തിയ ആക്രമണമാണിത്. സത്യമെന്താണെന്ന് ബിജെപിക്ക് അറിയാം. കോൺഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും പാർട്ടി വക്താവ് രൺദീപ് സുർജ്വേല പറഞ്ഞു.
സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി എംപി ജഗദാംബിക പാൽ പ്രതികരിച്ചു. ബിജെപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണ്. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായത്. ഇതിനു പിന്നിൽ ബിജെപിയാണെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.