തലവനില്ലാതെ ആം ആദ്മി, കെജ്‌രിവാളിന്റെ അറസ്റ്റ് ഇലക്ഷന്‍ മുന്നില്‍ കണ്ടോ?

Aravind Kejriwal
Aravind Kejriwal
അഭിറാം മനോഹർ| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (14:23 IST)
ഡല്‍ഹി മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് 9 തവണ ഇഡി കേജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാകില്ലെന്നായിരുന്നു കേജ്‌രിവാളിന്റെ നിലപാട്. ഇഡിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രധാന വാദം. കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഇതേ കേസില്‍ ഇഡി അറസ്റ്റ് ചെയ്തപ്പോഴും കെജ്‌രിവാള്‍ കുലുങ്ങിയിരുന്നില്ല.

ഡല്‍ഹിയെ സോണുകളായി തിരിച്ച് ഔട്ട്‌ലറ്റുകള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച മദ്യനയത്തിലൂടെ തെക്കെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള മദ്യ ലോബിക്ക് കേജ്‌രിവാള്‍ സൗകര്യം ചെയ്തുകൊടുത്തുവെന്നാണ് ഇഡിയുറ്റെ ആരോപണം.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍,ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ കവിത തുടങ്ങിവര്‍ നടത്തിയ ഗൂഡാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. ശ്രീനിവാസലു റെഡ്ഡി,കെ കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് മദ്യനയം അനുസരിച്ച് 32 സോണുകളില്‍ 9 എണ്ണം ലഭിച്ചിരുന്നു. കെജ്‌രിവാളിന്റെ വിശ്വസ്ഥനായ വിജയ് നായരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഇ ഡി പറയുന്നു.

കേസില്‍ മനീഷ് സിസോദിയ,എംപിയായിരുന്ന സഞ്ജയ് സിങ്,കെ കവിത എന്നിവര്‍ക്ക് പുറമെ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് അരവിന്ദ് കേജ്‌രിവാള്‍.മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട് 15 പേരെയാണ് സിബിഐ പ്രതികളാക്കിയിരുന്നത്. ഇതില്‍ ആദ്യ പ്രതി മനീഷ് സിസോദിയയായിരുന്നു. ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തുടര്‍ച്ചയായി ഹാജരാകാതെ ഇരുന്നതോടെയാണ് ഇഡി അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെ അറസ്‌റ്റോടെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഒരു മുഖമില്ലാത്ത അവസ്ഥയിലേക്കാണ് ആം ആദ്മി പാര്‍ട്ടി നീങ്ങുന്നത്. പഞ്ചാബിലും ഡല്‍ഹിയിലും നിര്‍ണായകമായ വോട്ട് ബാങ്കുള്ള പാര്‍ട്ടിയാണ് ആം ആദ്മി. എന്നാല്‍ കേജ്‌രിവാളാണ് പാര്‍ട്ടിയുടെ മുഖമായി എല്ലായിടത്തും തിളങ്ങി നില്‍ക്കുന്നത്. അഴിമതിക്കെതിരെ യുദ്ധം നടത്തി അധികാരത്തിലെത്തിയ കേജ്രിവാള്‍ ചെയ്യുന്നതും അഴിമതി തന്നെയെന്ന രീതിയിലാകും കേജ്‌രിവാളിന്റെ അറസ്റ്റിനെ ബിജെപി പ്രചരണായുധമാക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :