ന്യൂഡൽഹി|
JOYS JOY|
Last Modified വ്യാഴം, 28 ജൂലൈ 2016 (18:42 IST)
പാര്‍ലമെന്റിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടി എം പി ഭഗവത് മാന്‍ ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്കി. സ്പീക്കര്‍ക്ക് നല്കിയ കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ചുള്ള പരാമര്‍ശങ്ങളാണ് ഭഗവത് മാന്‍ നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാർലമെന്റിലെ രംഗങ്ങള്‍ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് തനിക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക പാർലമെന്‍ററി സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഭീകരാക്രമണം നടന്നതിനു ശേഷം പത്താൻകോട്ട് വ്യോമസേനാതാവളം സന്ദർശിക്കാൻ പാക് ചാരസംഘടനയായ ഐ എസ് ഐയുടെ പ്രതിനിധി അടക്കമുള്ളവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചിരുന്നു. ഇതും ഗുരുതരമായ സുരക്ഷാ വീഴ്ചയല്ലേ എന്ന് കത്തില്‍ ഭാഗവത് മാന്‍ ചോദിക്കുന്നു.
താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ, തന്നേക്കാൾ നൂറ് മടങ്ങ് തെറ്റുകൾ മോഡി ചെയ്തിട്ടുണ്ടെന്നും സ്പീക്കർക്ക് അയച്ച കത്തിൽ പറയുന്നു. അന്വേഷണവിധേയമായി ഭാഗവത് മാനിനെ ലോക്സഭ നടപടികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.