ശ്രീനഗര്‍|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (12:34 IST)
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്നു. സാംബമേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് സൈനികരുള്‍പ്പെടെ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. വെടിവെപ്പ് പൂര്‍ണമായും നിര്‍ത്താതെ പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് സൈന്യത്തിന് പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫ്ലാഗ് മീറ്റിംഗില്‍ പങ്കെടുക്കേണ്ടെന്നും സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിമേഖലയില്‍ നിന്ന് ഇരുപതിനായിരത്തോളം ഗ്രാമീണര്‍ പലായനം ചെയ്തു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന തിരിച്ചടി തുടങ്ങിയതായാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ സൈനികാക്രമണത്തില്‍ 15 പേര്‍ മരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് അതിര്‍ത്തിയില്‍ സൈനിക തല കൂടിക്കാഴ്ചകളൊന്നും നടക്കുന്നില്ലെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചു. ഇന്ത്യ അതിര്‍ത്തിയില്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും പാകിസ്ഥാന്‍ പ്രകോപനം അവസാനിപ്പിക്കണമെന്നും അരൂപ് രാഹ ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.