പരിഭ്രമിക്കേണ്ട, സമയപരിധിയില്ല: ഗ്യാസ് വിതരണക്കാർ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജൂലൈ 2024 (18:07 IST)
മസ്റ്ററിംഗില്‍ എല്‍പിജി കണക്ഷനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനായി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അയച്ച കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം വ്യക്തമാക്കിയത്. എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നിര്‍ബന്ധമായി നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നതോട് കൂടി വലിയ തിരക്കാണ് ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്. മസ്റ്ററിംഗ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗ്യാസ് ലഭ്യമാകില്ലെന്ന ആശങ്കയാണ് ഈ തിരക്കിന് കാരണമായത്,

എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപഭോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താക്കളുടെ ആധാര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും അതിന് ശേഷം മൊബൈല്‍ ആപ്പ് വഴി രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന ഒടിപിയിലൂടെ ഉപഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാം. ആവശ്യമെങ്കില്‍ വിതരണ കേന്ദ്രത്തിലെത്തി പരിശോധന നടത്താമെന്നും മന്ത്രി വ്യക്തമാക്കി.

എല്‍പിജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഗുണഭോക്താവിന് തന്നെയാണോ ലഭിക്കുന്നത് എന്നത് ഉറപ്പാക്കാനാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :