ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 6 മെയ് 2016 (12:00 IST)
പൊതുവേദിയില്‍ വച്ച് പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുന്ന ബി ജെ പി എം പി സാക്ഷി മഹാരാജിന്റെ വീഡിയോ വിവാദമാകുന്നു. എന്നാല്‍ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ പരിശോധിക്കുകയായിരുന്നു എന്നാണ് സാക്ഷി മഹാരാജ് ഇതിനെതിരെ പ്രതികരിച്ചത്. യു പി യിലെ ഉന്നാവ് മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് സാക്ഷി മഹാരാജ്.
കസേരയിലിരിക്കുന്ന സാക്ഷി മഹാരാജ്, ഒരുകൂട്ടം സ്ത്രീകളുമായി സംസാരിക്കുകയും സമീപത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോട് ജീന്‍സിന്റെ ബട്ടണ്‍ അഴിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഇതിനെതിരെ പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന ചില സ്ത്രീകള്‍ അവളെ ഇതിനായി നിര്‍ബന്ധിക്കുകയായിരുന്നു. കൂടാതെ പുരുഷന്‍മാര്‍ നോക്കിനില്‍ക്കെയാണ് ഈ സംഭവം നടക്കുന്നത്. നവമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിച്ചതോടെ എം പിക്കെതിരെ പ്രതിഷേധവുമായി പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
മെയ് മൂന്നിന് ഫരീദ്പുര്‍ ഗ്രാമത്തില്‍ വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇത് പരിശോധിക്കാനായാണ് സാക്ഷി മഹാരാജ് എത്തിയതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാതെ നടത്തിയ പരിശോധന സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമമാണെന്ന് സാക്ഷി അഭിപ്രായപ്പെട്ടു. കൂടാതെ പൊലീസുകാര്‍ വെടിയുണ്ടയിലൂടെ ഇതിന് മറുപടി നേരിടേണ്ടി വരുമെന്നും സാക്ഷി പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്ന് എം പിക്ക് എതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.