‘അരവിന്ദ് പരസ്യ പാർട്ടി’യാണ് ആംആദ്മി പാർട്ടിയെന്ന് കോൺഗ്രസ്

ആംആദ്മി പാർട്ടിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്സ്.

ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 17 മെയ് 2016 (17:51 IST)
ആംആദ്മി പാർട്ടിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്സ്. ആംആദ്മി പാർട്ടിയെന്നത് ‘അരവിന്ദ് പരസ്യ പാർട്ടി’യാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഡൽഹിയിലും സംസ്ഥാനത്തിനു പുറത്തുമായി പത്രങ്ങളിൽ പരസ്യം നൽകുന്നതിനു മാത്രമായി ഒരു ദിവസം 16 ലക്ഷത്തോളം രൂപയാണ് എ എ പി സർക്കാർ ചെലവിടുന്നതെന്ന വിവരാവകാശരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

ടി വി, റേഡിയോ തുടങ്ങിയവയിലെ പരസ്യങ്ങൾക്കായി നൽകുന്ന തുകയ്ക്കു പുറമേയാണ് ഇത്രയും വലിയ തുക ചെലവിടുന്നതെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ പണം സ്വയം പ്രശസ്തിക്കുവേണ്ടിയുള്ള പരസ്യങ്ങൾക്കായി പാഴാക്കി കളയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മോദി സർക്കാരും പരസ്യത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ല. 27 ലക്ഷം രൂപയാണ് ഒരു ദിവസത്തെ പരസ്യത്തിനായി മോദി സർക്കാർ ചെലവഴിക്കുന്നതെന്നും കോൺഗ്രസ് വക്താവ് ശോഭ ഒസ വ്യക്തമാക്കി.

ഒരു ദിവസത്തെ പത്രങ്ങളിലെ പരസ്യത്തിനു മാത്രമായി 16 ലക്ഷം രൂപ ആംആദ്മി സർക്കാർ ചെലവിടുന്നതായുള്ള വിവരാവകാശരേഖ പുറത്തുവന്നിരുന്നു. കഴിഞ്ഞ 91 ദിവസം പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾക്കായി 14.45 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളെ കൂടാതെ മറ്റു ഭാഷാ പത്രങ്ങളും ഉള്‍പ്പെടുന്നു. കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകനായ അമാൻ പൻവർ ആയിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നേടിയെടുത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :