'ഞാനും ചായയുണ്ടാക്കും, എനിക്കും പ്രധാനമന്ത്രിയാകാം'; മോദിക്ക് പകരമാകാൻ ഇദ്ദേഹം യോഗ്യനോ?

പ്രധാനമന്ത്രിയാകാൻ ഇയാൾ യോഗ്യനോ? ചായ ഉണ്ടാക്കാൻ അറിഞ്ഞാൽ പ്രധാനമന്ത്രി ആകാമോ?

aparna shaji| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (16:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോ‌ദിയെ പരസ്യമായി പരിഹസിച്ച് സമാജ്‍വാദി പാർട്ടി നേതാവ് അസം ഖാൻ രംഗത്ത്. താനും ചായയുണ്ടാക്കും, ഡ്രം കൊട്ടും, ഭക്ഷണം ഉണ്ടാക്കും, മുന്തിയ ഇനം വസ്ത്രം ധരിക്കും തുടങ്ങി എല്ലാ ഗുണങ്ങളും എനിക്കുണ്ട്. കാണാനും മോശമല്ല, അഴിമതിക്കാരനുമല്ല. ഇങ്ങനെയുള്ള തനിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ മിക്ക കഴിവുകളും തനിക്കുമുണ്ടെന്നും പ്രധാനമന്ത്രിയാകാൻ അനുയോജ്യനാണ് താനുമെന്നും അസം ഖാൻ പറഞ്ഞു. വാക്കു പാലിക്കാത്ത ചിലരെ പോലെയല്ല താനെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ സംഘർഷം നിലനിൽക്കുകയും രാജ്യത്ത് ജനങ്ങൾ പട്ടിണി കിടക്കുകയും ചെയ്യുന്ന സമയത്ത് മോദി പാക്കിസ്‌ഥാനിലേക്കു ഷാളുകൾ കൊടുത്തയച്ചശേഷം മാങ്ങകൾ നിറച്ച പെട്ടികൾ വരുന്നതും കാത്തിരിക്കുകയാണ്.

താൻ പ്രധാനമന്ത്രിയായാൽ ആറു മാസത്തിനുള്ളിൽ 130 കോടി ജനങ്ങളുടെ അക്കൗണ്ടിലും 20 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും ഖാൻ പറഞ്ഞു. താൻ പ്രധാനമന്ത്രിയായാൽ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ഇതിനെ പരിഹസിച്ചായിരുന്നു അസം ഖാന്റെ പ്രസംഗം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :