aparna shaji|
Last Modified വ്യാഴം, 24 നവംബര്‍ 2016 (12:52 IST)
'കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചുവലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളര്‍ത്തുനായയ്ക്കു കൊടുക്കുന്ന ബേബിഫുഡില്‍ കൊഴുപ്പിന്റെ അളവ് കൂടിപ്പോയതിനു ഭര്‍ത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല. മക്കള്‍ക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാന്‍ വക തേടി സ്വന്തം ഗര്‍ഭപ്പാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ ഇന്ത്യ'. ദി കിംഗ് എന്ന സിനിമയിൽ ജോസഫ് അലക്സ് ആയി തിളങ്ങിയ മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ഓർമ വരുന്നത്.
സ്മാർട്ട് ഫോണുകളും ഇന്റർനെറ്റുകളും ഉപയോഗിക്കുന്നവരുടെ മാത്രം ഇന്ത്യയാണോ ഇതെന്ന് ഒരുനിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. നോട്ട് നിരോധനം ബാധിച്ചത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ആണെന്നത് വാസ്തവം. അപ്പോൾ, അവരുടെ അഭിപ്രായവും ഇക്കാര്യത്തിൽ വിലയുള്ളതല്ലേ. അതോ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ മാത്രം ഇന്ത്യ എന്നൊന്നുണ്ടോ?. സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന 'നരേന്ദ്ര മോഡി' ആപ്പിലൂടെ സര്‍വേ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയ അടക്കമുള്ളവർ പ്രതിഷേധത്തിലാണ്.
നോട്ട് അസാധുവാക്കൽ നടപടിയുമായി സംബന്ധിച്ച അഭിപ്രായ സര്‍വേ ശരിക്കും കോമഡി ആണെന്നാണ് പൊതുവായ അഭിപ്രായം. സർവേയില്‍, 93 ശതമാനം പേരും പിന്തുണച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അഞ്ച് ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേ ഫലം പ്രധാനമന്ത്രി പുറത്തുവിട്ടത്.
സർവേയിലെ ഒരു ചോദ്യം, അതാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നോർക്കണം. നോട്ട് നിരോധനത്തിലൂടെ, റിയല്‍ എസ്‌റ്റേറ്റ്, ഉന്നതവിദ്യാഭ്യാസം, ആരോഗ്യരംഗം എന്നീ മേഖലകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുമോ എന്ന് കരുതുന്നുണ്ടോ? എന്നതായിരുന്നു ചോദ്യം. ഉത്തരമായി നല്‍കിയിരുന്നത് മൂന്ന് ഓപ്ഷനുകള്‍. പൂര്‍ണമായും യോജിക്കുന്നു, ഭാഗികമായി യോജിക്കുന്നു, പറയാന്‍ കഴിയില്ല. പ്രാപ്യമാകില്ലെന്ന അഭിപ്രായമുള്ളവര്‍ക്ക് അതറിയിക്കാന്‍ ചോദ്യത്തില്‍ ഓപ്ഷനില്ല. നടപടി ശരിയല്ല എന്ന് ഒരാൾ പോലും പറയരുത് എന്ന് മോദിക്ക് നിർബന്ധമുള്ളത് പോലെ.
നോട്ട് നിരോധനത്തില്‍ ജനപിന്തുണ അറിയാന്‍ മോദി നടത്തിയ അഭിപ്രായ സര്‍വേ കെട്ടിച്ചമച്ചതാണെന്ന് ബിജെപി എം പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി കെട്ടിച്ചമച്ച സര്‍വേ നടത്തുന്നതും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നതും അവസാനിപ്പിക്കൂ എന്നാണ് സിന്‍ഹയുടെ പ്രതികരണം. വോട്ട് ചെയ്ത് ജയിപ്പിച്ചവരുടേയും സ്ത്രീകളുടേയും ദരിദ്രരുടേയും വേദന മനസ്സിലാക്കണം. അമ്മമാരും സഹോദരിമാരും അത്യാവശ്യ സമയത്തേക്കായി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കള്ളപ്പണമായി കരുതാനാകില്ലെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.