മുംബൈ|
aparna shaji|
Last Modified വെള്ളി, 1 ജൂലൈ 2016 (13:05 IST)
താൻ വായ തുറന്നാൽ രാജ്യം മുഴുവൻ കിടുങ്ങുമെന്ന് ‘ദാവൂദ് ബന്ധ’ത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്ട്ര ബി ജെ പി നേതാവ് ഏക്നാഥ് ഖഡ്സെ. എനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ രാജിവച്ചു. പക്ഷെ, ഞാൻ വായ തുറന്നാൽ ഈ രാജ്യം മുഴുവൻ കിടുങ്ങുമെന്നും ഖഡ്സെ പറഞ്ഞു.
മഹാരാഷ്ട്രയിൽ ബി ജെ പി അധികാരത്തിൽ എത്തിയതിൽ താൻ വഹിച്ച പങ്ക് വളരെ വലുതാണ്. തെരഞ്ഞെടുപ്പിന് മുൻപ് ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ താനാണ് മുൻകൈയെടുത്തത്. അതുകൊണ്ടാണ് ബി ജെ പിയ്ക്ക് മുഖ്യമന്ത്രി ഉണ്ടായത് എന്നും ഖഡ്സെ വ്യക്തമാക്കി.
അതേസമയം, ഖഡ്സയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ദാവൂദ് ബന്ധത്തിൽ ഖഡ്സയ്ക്കുള്ള പങ്ക് വ്യക്തമാകണമെങ്കിൽ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ഖഡ്സെയെ ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് അൽ നസീർ സഖറിയ ആവശ്യപ്പെട്ടു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വീട്ടിൽനിന്ന് ഖഡ്സെയുടെ ഫോണിലേക്കു നിരവധി തവണ വിളി വന്ന സംഭവത്തെ തുടർന്നാണ് ഖഡ്സെ രാജിവെച്ചത്. രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് ഖഡ്സെയുടെ പ്രതികരണം. സർക്കാർ ഭൂമി കുറഞ്ഞ വിലയിൽ ഭാര്യയ്ക്കും മകനും നൽകിയതും അദ്ദേഹത്തിന്റെ രാജിയ്ക്ക് കാരണമായി.