മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ യശസ് വര്‍ധിച്ചു; മോഹൻ ഭാഗവത്

നാഗ്പൂർ| VISHNU N L| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2015 (12:09 IST)
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ് വർധിച്ചതായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു. രാജ്യത്ത് ഇപ്പോള്‍ പ്രതീക്ഷയുടെ അന്തരീക്ഷമാണുള്ളതെന്നും ആര്‍.എസ്.എസിന്റെ സ്ഥാപകദിനമായ വിജയദശമിക്ക് മുന്നോടിയായി നടത്തിയ പതിവ് പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വികസനത്തിന് ഒത്തൊരുമയാണ് പ്രധാനം. പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിയാകണം നയരൂപീകരണങ്ങളുടെ അടിസ്ഥാനം. ജനസംഖ്യ നിയന്ത്രിക്കണം. രാജ്യമെങ്ങും ഒരേ നയം പിന്തുടരണം. സന്താര അനുഷ്ഠിക്കുന്ന വിഷയത്തിൽ ജൈന സമുദായവുമായി ചർച്ചകൾ നടത്തണം. രണ്ടു വർഷങ്ങൾക്കു മുൻപ് രാജ്യത്ത് ഉണ്ടായിരുന്ന നിരാശയുടെ അന്തരീക്ഷം ഇപ്പോൾ അപ്രത്യക്ഷമായി. ഇന്നു ലഭിക്കുന്ന സൗകര്യങ്ങളിൽ കുറച്ചുകൂടി ഭേദപ്പെട്ടത് ലഭിക്കാതെ വരുമ്പോൾ ജനങ്ങൾ ചോദ്യം ചെയ്യും.

ലോകത്തിന് മുന്‍പിലും രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നു. ഇന്ത്യയെകുറിച്ചുള്ള ഒരു പുതിയ ധാരണയാണ് ലോകമെങ്ങും ഉയരുന്നത്. എവിടെ പ്രതിസന്ധി ഉടലെടുക്കുമ്പോഴും ഇന്ത്യ സഹായഹസ്തവുമായി എത്തുന്നു. നേപ്പാളിലും മാലെദ്വീപിലും യെമനിലും നമ്മള്‍ ഇത് കണ്ടു. വികസ്വര രാജ്യങ്ങള്‍ ഇന്ന് ഇന്ത്യയുടെ നേതൃത്വത്തെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്-മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്തെ നയിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണു പ്രാഥമികമായി ചിന്തിക്കേണ്ടത്. വികസനത്തിനു കൂട്ടുപ്രവർത്തനം അനിവാര്യമാണ്. നമ്മുടെ സംസ്കാരം അനുസരിച്ച് എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള നയങ്ങൾ രൂപീകരിച്ചാൽ മാത്രം പോര. അതെങ്ങനെ നടപ്പാക്കുമെന്നും നയങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചും വിലയിരുത്തണം- ഭാഗവത് പറഞ്ഞു.

നീതി ആയോഗ് അംഗവും ഡി.ആര്‍.ഡി.ഒ മുന്‍ ചെയര്‍മാനുമായ വിജയകുമാര്‍ സാരസ്വത് മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ചടങ്ങില്‍ സംബന്ധിച്ചു. അതേസമയം, രാജ്യത്തെ സേവിക്കുന്നതിൽ ആർഎസ്എസ് 90 വർഷം പൂർത്തീകരിച്ച അവസരത്തിൽ എല്ലാ സ്വയംസേവകർക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകൾ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :