രാ‍ജ്യത്തെ ഏക കമ്യൂണിസ്‌റ്റ് ഭരണകൂടം ക്ഷണിച്ചു; മോഡി ത്രിപുരയ്ക്ക്

അഗര്‍ത്തല| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (09:37 IST)
ആര്‍എസ്‌എസ്‌- ബിജെപി അയിത്തം തല്‍ക്കാലത്തേക്ക്‌ മറന്ന്‌ രാജ്യത്തെ ഏക കമ്യൂണിസ്‌റ്റ് ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിച്ചു. മന്ത്രിസഭയെ അഭിസംബോധന ചെയ്യുന്നതിനും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ത്രിപുരയിലെ മാണിക്‌ സര്‍ക്കാര്‍ മോഡിയെ സംസ്‌ഥാനത്തേക്ക്‌ ക്ഷണിച്ചത്‌. സിപിഎം മോഡിയെ പ്രഖ്യാപിത ശത്രുവായി കാണുമ്പോഴാണ്‌ മണിക്‌ സര്‍ക്കാര്‍ ക്ഷണം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ആഗസ്‌റ്റില്‍ മണിക്‌ സര്‍ക്കാര്‍ സിപിഎം കേന്ദ്രക്കമ്മറ്റിക്കിടയില്‍ മോഡിയുമായി കൂടിക്കാഴ്‌ച നടത്തുകയും മോഡിയെ സംസ്‌ഥാനത്തേക്ക്‌ ക്ഷണിക്കുകയും ചെയ്‌തിരുന്നു. വലിയ വിവാദമായി മാറിയ ഈ കൂടിക്കാഴ്‌ചയെ സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു മാണിക്‌ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്‌. സംസ്‌ഥാന വികസനത്തില്‍ രാഷ്‌ട്രീയത്തിന്‌ സ്‌ഥാനമില്ലെന്ന്‌ മോഡി വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

ഇതിന്‌ പിന്നാലെ ഗ്രാമീണ തൊഴില്‍ പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്താന്‍ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി നേരത്തേ പ്രധാനമന്ത്രിക്ക്‌ കത്തയയ്‌ക്കുകയും ചെയ്‌തു. പട്ടിക വിഭാഗത്തില്‍ പെടുന്ന ജനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതലായുള്ള പ്രാദേശിക തൊഴില്‍മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ്‌ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്‌. അഗര്‍ത്തലയിലെ പാലാത്നയില്‍ ഒഎന്‍ജിസി സ്‌ഥാപിച്ചിട്ടുള്ള 726 എംഡബ്‌ള്യൂ പവര്‍പ്ലാന്റിന്റെ രണ്ടാം യൂണിറ്റ്‌ സ്വിച്ചോണ്‍ ചെയ്യാനാണ്‌ മോഡി എത്തുന്നതിന്റെ ഭാഗമായിട്ടാണ്‌ മന്ത്രിസഭയെയും കാണുന്നത്‌.

ഇന്ത്യയില്‍ നിലവിലെ ഏക കമ്യൂണിസ്‌റ്റ് ഭരണകൂടമുള്ളത്‌ ത്രിപുരയിലാണ്‌. 2013 ല്‍ നടന്ന സംസ്‌ഥാന തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 50 സീറ്റും നേടി നാലാം തവണയാണ്‌ മണിക്‌ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :