മോഡി സിയാചിനില്‍; അതിര്‍ത്തിയില്‍ പാക് സൈന്യം വെടിയുതിര്‍ക്കുന്നു

ശ്രീനഗര്‍| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (10:42 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീരില്‍ എത്തുന്നതിന് മുന്‍പ് മോഡി സിയാചിന്‍ മഞ്ഞുനിരകളിലെ സൈനിക ക്യാംപില്‍ സന്ദര്‍ശനം നടത്തി. ദീപാവലി ആഘോഷ വേളയില്‍ ധീരസൈനികര്‍ക്കൊപ്പം സമയം ചെലവിടാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് മോഡി സിയാച്ചിനിലേക്ക് പുറപ്പെടും മുന്‍പ് ട്വീറ്റ് ചെയ്തു.

ലോകത്തിന്റെ നെറുകയില്‍ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരോട് തന്റെ കൃതജ്ഞത അറിയിക്കുകയാണ്. ഏതു പ്രതികൂല സാഹചര്യവും അവരെ അലോസരപ്പെടുത്തുന്നില്ല. അവര്‍ ശരിക്കും അഭിമാനമുളവാക്കുന്നു. എല്ലാ പൗരന്മാരും സൈനികര്‍ക്കൊപ്പമുണ്ടെന്നും മോഡി ട്വിറ്ററില്‍ സന്ദേശമയച്ചു.

അതേസമയം ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാംഘട്ടിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ദീപാവലി ദിനത്തില്‍ ആക്രമണം നടന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. മോഡി കശ്മീരില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് വെടിവയ്പ് നടന്നത്. രാംഘട്ടിലെ പോസ്റ്റുകള്‍ക്കു നേരെ ഇന്നലെയും വെടിവയ്പ് നടന്നിരുന്നു. ദീപാവലി വേളയില്‍ അട്ടാരി അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് മധുരം കൈമാറുന്ന വര്‍ഷങ്ങളായുള്ള പതിവ് ഇന്ത്യന്‍ സൈന്യം ഇത്തവണ ഉപേക്ഷിച്ചിട്ടുണ്ട്. ഈദ് ആഘോഷവേളയിലും മധുരം കൈമാറിയില്ലെന്നു മാത്രമല്ല, അതിര്‍ത്തയിലെ കവാടങ്ങള്‍ അടഞ്ഞുതന്നെ കിടന്നു.

കഴിഞ്ഞമാസമുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കശ്മീര്‍ ജനതയെ കാണുന്നതിനാണ് മോഡിയുടെ കശ്മീര്‍ സന്ദര്‍ശനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :