ഇതൊക്കെ ജീവിതത്തിന്റെ ഒരുഭാഗം, എങ്കിലും ഞെട്ടിപ്പോയി: മന്‍‌മോഹന്‍ സിംഗ്!

ന്യൂഡല്‍ഹി| vishnu| Last Updated: ശനി, 7 ഡിസം‌ബര്‍ 2019 (12:07 IST)
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത നടപടി ഞെട്ടിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വാര്‍ത്ത കേട്ടപ്പോള്‍ അസ്വസ്ഥനായി. എന്നാല്‍ ഇതൊക്കെ ജീവിത്തിന്റെ ഒരു ഭാഗമാണ്. കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കണ്ടില്ലെന്നും അഭിഭാഷകന്മാരോട് സംസാരിച്ച ശേഷം അതിനെക്കുറിച്ച് മറുപടി പറയാമെന്നും മന്‍മോഹന്‍ പറഞ്ഞു. നിയമത്തിനു മുന്നില്‍ ഒന്നും ഒളിച്ചുവച്ചിട്ടില്ല. സത്യം പുറത്തുവരും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും പറഞ്ഞ മന്‍‌മോഹന്‍ നിയമപരമായ അന്വേഷണത്തിന് തയ്യാറാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് വ്യക്തമാക്കി.

എല്ലാ രേഖകളുമായി കേസുമായി മുന്നോട്ട് പോകാനാകുമെന്ന് ഉറപ്പുണ്ട്. സംഭവത്തില്‍ വിഷമമുണ്ടെന്നും എന്നാല്‍ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും മന്‍മോഹന്‍ വ്യക്തമാക്കി. മന്‍മോഹന്‍ സിംഗിനെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കാന്‍ സിബിഐ പ്രത്യേക കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കേസില്‍ മന്‍മോഹന്‍ സിംഗിനോട് ഏപ്രില്‍ എട്ടിനു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസും അയച്ചു. മാത്രമല്ല മന്‍മോഹനെ വിചാരണ ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2005ല്‍ അലൂമിനിയം നിര്‍മാണ കന്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സിംഗിനെ പ്രത്യേക സിബിഐ കോടതി ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, ജനപ്രതിനിധിയെന്ന നിലയില്‍ വിശ്വാസ വഞ്ചന കാണിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതി ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് കോള്‍ഗ്രസ് ബിജെപി നേതാക്കള്‍ തമ്മില്‍ മൂര്‍ച്ചയേറിയ വാഗ്വാദം നടക്കുകയാണ്.

മന്‍മോഹന്റെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധവും സുതാര്യവുമായിരുന്നെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടുണ്ടാകില്ലെന്നും കോള്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്തോടും മന്‍മോഹനോടും മാപ്പ് അപേക്ഷിക്കണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്‌‌ദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് കാരണമാണ് മുന്‍ പ്രധാനമന്ത്രി ഇങ്ങനെയൊരു അവസ്ഥയിലെത്തിയതെന്നും ജാവ്ദേക്കര്‍ ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :