കശ്മിരി പണ്ഡിറ്റുകള്‍ക്ക് എന്തിന് പ്രത്യേക കോളനി? വിവാദം പുകയുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (19:31 IST)
വിഘടനവാദികള്‍ ആട്ടിപ്പുറത്താക്കിയ കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കശ്മീര്‍ താഴ്വരയില്‍ പ്രത്യേക ടൂണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും കശ്മീരിലെ പ്രതിപക്ഷ കക്ഷികളും രംഗത്ത്. ജമ്മുകശ്‌മീര്‍ മന്ത്രി മുഫ്‌ത്തി മുഹമ്മദ്‌ സയീദും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗും തമ്മില്‍ തിങ്കളാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ്‌ കശ്‌മീര്‍ പണ്ഡിറ്റുകള്‍ക്ക്‌ പ്രത്യേക നഗരവല്‍ക്കരണം എന്ന ആശയം ചര്‍ച്ച ചെയ്യപ്പെട്ടത്‌.

എന്നാല്‍ നീക്കം രാജ്യത്തിന്റെ അഖണ്ഡതയെ ഹനിക്കുന്നതാണെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ പറയുന്നത്. ഇന്ത്യയെന്നത്‌ വിവിധ മതക്കാരും ഭാഷക്കാരും ഒരുമിക്കുന്ന ഒരു സംയോജിതസാംസ്‌ക്കാരികത നിലനിര്‍ത്തുന്ന രാജ്യമാണെന്നും സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധം തുടങ്ങുമെന്നും അവര്‍ വ്യക്‌തമാക്കി. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നീക്കം ഇസ്രായേലിനെപ്പോലെ ശത്രുതയുടെ കൂറ്റന്‍ മതില്‍ പണിയുന്നത്‌ പോലെയായി മാറുമെന്ന്‌ വിമത സംഘടനാ നേതാക്കള്‍ പറയുന്നു.

അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കശ്‌മീര്‍ താഴ്‌വരയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കുടിയേറിയ 62,000 കശ്‌മീരി കുടുംബങ്ങള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. 1989ല്‍ വിഘടന വാദികളും തീവ്രവാദികളും ചേര്‍ന്ന് വര്‍ഗീയ കലാപത്തിലൂടെ ഇവരെ കശ്മീരില്‍ നിന്ന് ഓടിക്കുകയായിരുന്നു. ഇന്ന് ഇവര്‍ ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും അഭയാര്‍ഥികളായാണ് കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കും എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :