ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (09:14 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ
ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം, കനയ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിലപാട്.
ആദ്യഘട്ടത്തില്‍ കനയ്യയുടെ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പൊലീസ് നിലപാട് മാറ്റുകയായിരുന്നു. വൈകുന്നേരം നാലുമണിക്കാണ് കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ പൊലീസ് അറസ്റ്റു ചെയ്തത്. കനയ്യയ്ക്കെതിരെ തെളിവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും വീഡിയോ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പൊലീസിനെ കോടതി രൂക്ഷമായ ഭാഷയില്‍ ശാസിച്ചിരുന്നു.
എന്നാല്‍, വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല കനയ്യയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ജെ എന്‍ യുവിലെ അഫ്‌സല്‍ അനുസ്മരണം സംഘടിപ്പിച്ചത് കനയ്യയാണെന്നും അതിനാല്‍ കനയ്യയ്ക്ക് ജാമ്യം നല്കരുതെന്നുമാണ് പൊലീസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, അറസ്റ്റ് ചെയ്ത ഇത്ര ദിവസമായിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് കനയ്യയുടെ വാദം.