‘അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ, കശ്മീർ ജനതയെ വെറുതെ വിടൂ'; വിവാദമായി ഗവര്‍ണറുടെ പ്രസ്താവന

ഞായറാഴ്ചയാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്.

Last Modified തിങ്കള്‍, 22 ജൂലൈ 2019 (13:27 IST)
ജമ്മുകശ്മീരിനെ കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യം വയ്ക്കാന്‍ ഭീകരവാദികളോട് ആവശ്യപ്പെട്ട ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വിവാദത്തിൽ‍. ഞായറാഴ്ചയാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്. പാവപ്പെട്ട ജനങ്ങളെയും സുരക്ഷാ ജീവനക്കാരെയും ഇല്ലാതാക്കുന്നതിന് പകരം സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യം വയ്ക്കൂ എന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

”ഈ യുവാക്കള്‍ സ്വന്തം ജനങ്ങളെ കൊല്ലാനാണ് തോക്കെടുക്കുന്നത്. അവര്‍ സുരക്ഷാ ജീവനക്കാരെ കൊല്ലുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത് ? കശ്മീരിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ ? ” കാര്‍ഗിലില്‍ ഒരു പരിപാടിക്കിടെ മാലിക് പറഞ്ഞു.

കശ്മീര്‍ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങള്‍ പൊതുജനത്തിന്റെ പണം കൊള്ളയടിച്ച് ലോകത്താകമാനം സ്വത്ത് സമ്പാദിച്ചുകൂട്ടുകയാണ്. അവര്‍ക്ക് അപരിമിതമായ സമ്പത്തുണ്ട്. അവര്‍ക്ക് ശ്രീനഗറില്‍ ഒരു വസതിയുണ്ട്, ഒന്ന് ഡല്‍ഹിയിലുണ്ട്, മറ്റൊന്ന് ലണ്ടനിലും മറ്റ് പല സ്ഥലങ്ങളിലുമുണ്ട്. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സര്‍ക്കാര്‍ തോക്കിന് മുമ്പില്‍ കീഴടങ്ങില്ലെന്നും മാലിക് വ്യക്തമാക്കി. പ്രസംഗത്തോട് പ്രതികരിച്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മാലിക്കിനെ നിശ്ചിതമായി വിമര്‍ശിച്ചു. ഗവര്‍ണറുടെ പദവിയിലിരിക്കുന്ന വ്യക്തിയാണ് രാഷ്ട്രീയക്കാരെ കൊല്ലാന്‍ ഭീകരവാദികളോട് ആഹ്വാനം ചെയ്യുന്നതെന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

”ഈ ട്വീറ്റ് സേവ് ചെയ്തു വയ്ക്കൂ, ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജമ്മു കശ്മീരില്‍ കൊലചെയ്യപ്പെട്ടാല്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആഹ്വാന പ്രകാരമായിരിക്കുമെന്നും” ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :